ഫെസ്റ്റുകൾ നടത്തി കുളമായി പത്തനംതിട്ടയിലെ ഇടത്താവളം
text_fieldsപത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ ശബരിമല ഇടത്താവളത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സീസൺ സമയത്തെ അറ്റകുറ്റപണികൾ മാത്രമാണ് ഇവിടെ നടക്കുന്നത്. പിന്നീട് ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല. കഴിഞ്ഞ വർഷത്തെ തീർത്ഥാടനം കഴിഞ്ഞതോടെ കാടുകയറി കിടക്കുകയാണ്.
അറ്റകുറ്റപ്പണികളുടെ ടെണ്ടർ കൊടുത്ത് പണികൾ തുടങ്ങിയിട്ടുണ്ട്. സീസൺ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാകും. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ, അടിസ്ഥാന സൗകര്യം ഇവയെല്ലാം ഇനി ഒരുക്കണം.ഒരേസമയം നുറോളം പേർക്ക് കിടന്നുറങ്ങാവുന്ന ഹാൾ ഉണ്ടെങ്കിലും ടോയ്ലറ്റുകൾ വൃത്തിഹീനമായികിടക്കുകയാണ്.
വാട്ടർ അതോറിറ്റിയുടെ വെള്ളം സംഭരിക്കുന്ന മൂന്ന് ടാങ്കുകളിൽ പ്രധാനപ്പെട്ട ഒന്ന് ദ്രവിച്ചു. തീർത്ഥാടകർക്ക് കുളിക്കാനായി പുറത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പിന് ചുറ്റും നിറയെ കാടാണ്. ഇടത്താവളത്തിലെ കെട്ടിടത്തിന്റെ മുകളിലും താഴെയുമായിട്ട് അയ്യപ്പൻമാർക്ക് വിരിവച്ച് കിടന്നുറങ്ങാനുള്ള സൗകര്യമൊരുക്കണം.
മുകൾ ഭാഗത്ത് ആറായിരം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ടാങ്കുണ്ട്. ഇവിടേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തണം. പൈപ്പ് ലൈനിൽ ജല വിതരണം മുടങ്ങുമ്പോൾ പുറത്ത് നിന്ന് വെള്ളം എത്തിക്കുകയാണ് പതിവ്. ഇടത്താവളത്തിലെ പാർക്കിംഗ് ഏരിയ നിശേഷം തകർന്ന്കിടക്കയാണ്.
ഫെസ്റ്റുകൾ നടത്തിയാണ് ഇവിടം കുളമായത്. ഇടത്താവളത്തിലേക്ക് വാഹനങ്ങൾ കയറണമെങ്കിൽ പാർക്കിംഗ് ഏരിയയിൽ മെറ്റൽ നിരത്തണം. മഴക്കാലമായതോടെ വെള്ളക്കെട്ടുകൾ നിറഞ്ഞ സ്ഥലത്തേക്ക് വാഹനങ്ങൾ പ്രവേശിച്ചാൽ പുതയും.
പൊലീസ് എയിഡ് പോസ്റ്റും താൽക്കാലിക ആശുപത്രിയും പ്രവർത്തിക്കുന്ന ക്യാബിനുള്ളിൽ പുല്ല് വളർന്നു കയറി. സീസൺ സമയത്ത് ഹോമിയോ, ആയുർവേദ ആശുപത്രികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. നഗരസഭയുടെ അധീനതയിലാണ് പത്തനംതിട്ട ഇടത്താവളം.
വരും കൺവെൻഷൻ സെന്ററും
പത്തനംതിട്ട: ഇടത്താവളത്തിൽ കൺവെൻഷൻ സെന്ററും ഡോർമെറ്ററിയും ഒരുക്കാൻ നഗരസഭ വിപുലമായ പദ്ധതിയിട്ടിട്ടുണ്ട്. തീർഥാടകർക്ക് കൂടുതൽ പ്രയോജനം ലഭ്യമാകാനാണിത്. സീസൺ അല്ലാത്ത സമയങ്ങളിൽ പൊതു ഉപയോഗങ്ങൾക്കും ഇവ പ്രയോജനപ്പെടുത്താനാണ് നഗരസഭയുടെ പദ്ധതി. ശബരിമല സീസണിലും അതിനു ശേഷം വർഷം മുഴുവൻ പ്രയോജനപ്പെടുത്താൻകഴിയും വിധമുള്ള പദ്ധതിയാണ് ലക്ഷ്യമിട്ടത്.
തീർഥാടകർക്കു വിശ്രമിക്കാനായി ഡോർമെറ്ററികളും ആയിരത്തിലധികം പേർക്കിരിക്കാവുന്ന കൺവെൻഷൻ സെന്ററുമാണ് പരിഗണനയിലുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടിയ കൺവെൻഷൻ സെന്റർ എന്ന ആശയവും നഗരസഭ പരിഗണിക്കുന്നുണ്ട്.
മുൻപു ട്രാൻസിറ്റ് യാർഡിനായി തയാറാക്കിയ മാസ്റ്റർ പ്ലാൻ ആധുനികസൗകര്യങ്ങളോടെ പരിഷ്കരിക്കുകയാണ് ചെയ്യുന്നത്. നഗരസഭയ്ക്കു ഇടത്താവളത്തിൽ അഞ്ചര ഏക്കർ ഭൂമിയാണുള്ളത്. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന തീർഥാടകർക്കു വിശ്രമിച്ചു യാത്ര തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയാൽ പ്രയോജനപ്പെടും.
രൂപരേഖ ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും. ശബരിമല സുരക്ഷാ യാത്രയുടെ ഭാഗമായി ജില്ലാ കലക്ടർ എ.ഷിബു ഇടത്താവളം സന്ദർശിച്ചു. ശബരിമല തീർഥാടകർക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇവിടെ അന്നദാനവും നടത്തുന്നുണ്ട്.
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽനിന്ന് അധികം അകലെ അല്ലാത്തതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർക്കും ഇടത്താവളം പ്രയോജനപ്പെടും. മകരവിളക്ക് സമയത്ത് കെ.എസ്.ആർ.ടി സിയുടെ ഓപ്പറേറ്റിംഗ് സെന്ററായും ഇടത്താവളമാണ് ഉപയോഗിക്കുന്നത്. 2007 ൽ വി.എസ് സർക്കാരിന്റെ കാലത്ത് പിൽഗ്രിം ടൂറിസത്തിൽ ഉൾപ്പെടുത്തി 50 ലക്ഷംരൂപ ഉപയോഗിച്ചാണ് നിലവിലെ കെട്ടിടം പണിതത്.
തീർഥാടനകാലത്തിനു മുന്നേ ഒരുക്കം പൂർത്തിയാക്കും
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ തീർത്ഥാടകർക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ഇടത്താവളം തുറന്നു നൽകാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭയെന്ന് നഗരസഭാധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.
തീർത്ഥാടകർക്കായി പുതിയ ഭക്ഷണശാലയും 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കാനായി 20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. ഒരേ സമയം 200 പേർക്കോളം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണ ശാലയും കുടിവെള്ളം സംഭരിക്കാനായി നിലവിലുള്ള മൂവായിരം ലിറ്റർ സംഭരണി കൂടാതെ അയ്യായിരം ലിറ്ററിന്റെ പുതിയ സംഭരണി കൂടി സ്ഥാപിക്കും.
ഇടത്താവളത്തിലെ കിണർ വൃത്തിയാക്കി വെള്ളം ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാവുന്നു. തീർത്ഥാടകർക്കായി പരമാവധി സൗകര്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതിയെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ഡോർമെറ്ററികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ താഴെ വെട്ടിപ്രത്തുള്ള ഇടത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
പൊലീസ് എയ്ഡ് പോസ്റ്റ്, ആയുർവേദ, അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ചെറുസംഘങ്ങളായി എത്തുന്ന തീർഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യാനുള്ള സൗകര്യം, പ്രത്യേക വിറകുപുര, വിശ്രമിക്കാൻ ആൽത്തറ എന്നിവ പുതുതായി സജ്ജമാക്കി മുൻവർഷത്തേതു പോലെ ഇടത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകുമെന്നും ചെയർമാൻ പറഞ്ഞു.
ഉടൻ പൂർത്തിയാകുമെന്ന് കൗൺസിലർ
പത്തനംതിട്ടയിലെ ഇടത്താവളത്തിലെ അറ്റകുറ്റപണികൾ തുടങ്ങിയതായി വാർഡ്കൗൺസിലർ എസ്. ഷൈലജ പറഞ്ഞു. ഇതിനായി 20 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ കൊടുത്തിരിക്കയാണ്.
ഉടൻ പണികൾ പൂർത്തിയാകും. അടുക്കള, കുടിവെള്ള വിതരണം, ചുറ്റുമതിൽ വ്യത്തിയാക്കൽ, ടൊയ്ലറ്റ് നവീകരണം, യാർഡിൽ മെറ്റൽ വിരിക്കൽ, അന്നദാനം നടക്കുന്ന സ്ഥലം വ്യത്തിയാക്കൽ, പെയിൻറിംഗ്, ഇലക്ട്രിക് വർക്ക് എന്നിവയെല്ലാം ടെണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.