പത്തനംതിട്ട ടൗൺ സ്ക്വയർ; രൂപരേഖക്ക് അംഗീകാരം
text_fieldsനഗരസഭയുടെ ഓപ്പൺ സ്റ്റേജ് പൊളിച്ച് നീക്കിയതോടെ പൊതുസമ്മേളനങ്ങൾക്കും യോഗങ്ങൾക്കും നഗരത്തിൽ സ്ഥലം ഇല്ലാതായിരുന്നു. ടൗൺ കേന്ദ്രത്തിൽ ചെറിയ യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇവിടെയെല്ലാം കേരള ഹൈകോടതിയുടെ നിരോധനം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുപരിപാടികൾക്ക് പ്രത്യേക ഇടം നിർമിക്കാൻ നഗരസഭ തീരുമാനമെടുത്തത്. കുറഞ്ഞത് 1000 പേരെ ഉൾക്കൊള്ളും വിധമാണ് ടൗൺ സ്ക്വയർ വിഭാവനം ചെയ്തിട്ടുള്ളത്
പത്തനംതിട്ട: ജില്ല കേന്ദ്രത്തിൽ പൊതുപരിപാടികൾക്ക് ഇടം ഒരുക്കാൻ നഗരസഭ നിർമിക്കുന്ന ടൗൺ സ്ക്വയറിന് വിശദ രൂപരേഖ തയ്യാറായി. സുപ്രീം കോടതിയിലെ പ്രഥമ വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിക്കും ജില്ലയുടെ പിതാവ് കെ.കെ. നായർക്കും ടൗൺ സ്ക്വയറിൽ സ്മാരകങ്ങൾ ഒരുങ്ങും. പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ വ്യാഴാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് ടൗൺ സ്ക്വയറിന്റെ ഡി.പി.ആറിന് അന്തിമരൂപം നൽകിയത്. അബാൻ മേൽപ്പാല നിർമാണത്തിനായി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള കെ.കെ. നായരുടെ നിലവിലെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ജില്ലയുടെ പിതാവിന് ഉചിത സ്മാരകം നഗരസഭ നിർമിക്കുമെന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് നഗരസഭ ചെയർമാൻ ഉറപ്പ് നൽകിയിരുന്നു. നഗരസഭയുടെ 2024 ബജറ്റിൽ പദ്ധതിയും പ്രഖ്യാപിച്ചു. തുടർന്ന് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടി വിശദ പദ്ധതി രേഖ തയ്യാറാക്കാൻ ടെൻഡറും ക്ഷണിച്ചു. പത്തനംതിട്ട സ്വദേശിയായ ആർക്കിടെക്ട് ഷെയ്ക്ക് മുഹമ്മദ് യാസിനെയാണ് ടെൻഡർ നടപടികളിലൂടെ നഗരസഭ തിരഞ്ഞെടുത്തത്. മേൽപ്പാല നിർമാണത്തിനായി നഗരസഭയുടെ ഓപ്പൺ സ്റ്റേജ് പൊളിച്ചുനീക്കിയതോടെ പൊതുസമ്മേളനങ്ങൾക്കും യോഗങ്ങൾക്കും നഗരത്തിൽ സ്ഥലം ഇല്ലാതായി. ടൗൺ കേന്ദ്രത്തിൽ ചെറിയ യോഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഇവിടെയെല്ലാം കേരള ഹൈകോടതിയുടെ നിരോധനം നിലവിലുണ്ട്.
ഈ സാഹചര്യത്തിലാണ് പൊതുപരിപാടികൾക്ക് പ്രത്യേക ഇടം നിർമിക്കാൻ നഗരസഭ തീരുമാനമെടുത്തത്. കുറഞ്ഞത് 1000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന നിലയിലാണ് ടൗൺ സ്ക്വയർ വിഭാവനം ചെയ്തിട്ടുള്ളത്, കൂടാതെ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകും. പരിപാടികളുടെ ആവശ്യകതക്കനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന നിലയിലുള്ള തുറന്ന സ്റ്റേജ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. അംഗപരിമിതർക്കും ഉപയോഗിക്കാൻ കഴിയും വിധമായിരിക്കും നിർമാണം. പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാട് കൂടി ഉൾക്കൊള്ളിച്ചുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.