വിലക്കയറ്റത്തിൽ വലഞ്ഞ് ജനം; ഇടപെടാതെ സർക്കാർ
text_fieldsപന്തളം: 2000 രൂപയുമായി വന്നാൽ സപ്ലൈകോയിൽനിന്ന് ഒരു മാസത്തേക്കുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരുമിച്ച് ലഭിക്കുമായിരുന്നു. എന്നാൽ, ഇന്ന് സാധനങ്ങൾ ഇല്ലെന്നു മാത്രമല്ല, സബ്സിഡിയുമില്ല. പൊതുവിപണിയിലാകട്ടെ തൊട്ടാൽ പൊള്ളുന്ന വിലയും. സപ്ലൈകോ വിൽപന കേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഒരു വീട്ടമ്മയുടെ വാക്കുകളാണിത്. ഈ വാക്കുകളിലുണ്ട് സാധാരണക്കാരന് കൈത്താങ്ങാകേണ്ട സപ്ലൈകോ കടകളിലെ നിലവിലെ സാഹചര്യം. വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ സബ്സിഡിയുള്ള അവശ്യസാധനങ്ങളില്ലാതെ നോക്കുകുത്തികളാകുകയാണ് സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ.
വിലകൂടിയിട്ടില്ല പക്ഷേ, സാധനമെവിടെ ?
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് എട്ട് വർഷമായി സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ സാധനങ്ങൾക്ക് വില കൂട്ടിയിട്ടില്ലെന്ന് പറഞ്ഞ് സബ്സിഡിയോടെ നൽകുന്ന 13 സാധനങ്ങളുടെ പട്ടിക സമൂഹമാധ്യമത്തിൽ അവതരിപ്പിച്ചത്. ചെറുപയർ, ഉഴുന്ന് പരിപ്പ്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, പച്ചരി, വെളിച്ചെണ്ണ എന്നീ 13 സാധനങ്ങൾക്കാണ് വില 2016ന് തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ, ചെറുപയർ, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, ജയ അരി, മല്ലി തുടങ്ങിയ പകുതി സാധനങ്ങൾ മാത്രമാണ് പന്തളത്തെ സപ്ലൈകോ വിൽപന കേന്ദ്രങ്ങളിലുള്ളത്.അതേസമയം, കടയിൽ ഇല്ലാത്ത സാധനങ്ങളടക്കം സബ്സിഡിയുള്ള വിലയും സബ്സിഡി ഇല്ലാത്ത വിലയുമെല്ലാമുള്ള വിലവിവരപ്പട്ടിക കടകൾക്ക് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതുകണ്ട് കയറുന്നവർക്കും നിരാശയായിരിക്കും ബാക്കി.
ഓണത്തിനെത്തുമെന്ന് പ്രതീക്ഷ
അടുത്തയാഴ്ചയോടെ ബാക്കിയുള്ള സബ്സിഡി സാധനങ്ങൾ എത്തുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട് ജീവനക്കാർ. ഓണക്കാലം അടുത്തെത്തിയതിനാൽ തന്നെ എല്ലാ സാധനങ്ങളും മിതമായ വിലയിൽ സാധാരണക്കാരന് ലഭ്യമാക്കാൻ സർക്കാർ ഇടപെടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. പൊതുവിപണിയിൽ അരി ഉൾപ്പെടെ അവശ്യസാധനങ്ങൾക്കെല്ലാം വില ഉയരുകയാണ്. ബസുമതി ഇതര അരിയുടെ കയറ്റുമതി നിർത്തലാക്കിയ നടപടിയുടെ ഫലം വിപണിയിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.
പിടിതരാതെ പച്ചക്കറിയും
നിത്യോപയോഗ സാധനങ്ങൾക്കപ്പുറം പച്ചക്കറികൾക്കും വില കുതിച്ചുയരുകയാണ്. മുമ്പ് ഉയർന്നു നിന്ന തക്കാളിയുടെ വില കഴിഞ്ഞ ദിവസങ്ങളിൽ ചെറുതായി കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും കൂടുകയാണ്. 130-140 രൂപയോളമാണ് ഒരു കിലോ തക്കാളിയുടെ വില.
ബീൻസ്, കാരറ്റ്, ഉള്ളി എന്നിവയുടെയെല്ലാം വില ഉയർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കനത്തതോടെ കുതിച്ച പച്ചക്കറി വില പിന്നീട് കാര്യമായി കുറഞ്ഞിട്ടില്ല. ഇത് മുതലെടുത്ത് ഇടനിലക്കാർ കൃത്രിമമായി വില ഉയർത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.