പെരുമ്പെട്ടി പട്ടയം; ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ പരിഹാരമാകും- മന്ത്രി കെ.രാജൻ
text_fieldsചുങ്കപ്പാറ: ഡിജിറ്റല്‍ റീസര്‍വേ പൂർത്തിയാകുന്നതോടെ പെരുമ്പെട്ടി പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു. പെരുമ്പെട്ടി ഡിജിറ്റല്‍ റീസര്‍വേ ക്യാമ്പ് ഓഫിസിന്റെ ഉദ്ഘാടനവും ഡിജിറ്റല്‍ റീസര്‍വേയുടെ രണ്ടാംഘട്ട നടപടികളുടെ ഉദ്ഘാടനവും പെരുമ്പെട്ടി വില്ലേജിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ദീർഘവീക്ഷണത്തോടെ ആരംഭിച്ച ഡിജിറ്റൽ സർവേ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ജില്ലയിൽ 12 വില്ലേജുകളാണുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ 13 വില്ലേജുകളിലാണ് സർവേ. 512 കുടുംബങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുന്ന നടപടികളിൽ നാഴികക്കല്ലായി ഡിജിറ്റൽ സർവേ മാറുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മികച്ച വില്ലേജ് ഓഫിസർക്കുള്ള അവാർഡ് ലഭിച്ച മഞ്ജുഷയെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം രാജി പി. രാജപ്പന്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് ചരളേൽ, എ.ഡി.എം ജിഴ സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.
1,53,103 പട്ടയം വിതരണം ചെയ്തു -മന്ത്രി
റാന്നി: സംസ്ഥാന സർക്കാർ രണ്ടര വർഷം കൊണ്ട് 1,53,103 പട്ടയങ്ങൾ വിതരണം ചെയ്തെന്ന് റവന്യു മന്ത്രി കെ. രാജൻ. റാന്നി മണ്ഡലത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റാന്നി താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ചേത്തക്കൽ-വലിയ പതാൽ പട്ടയപ്രശ്നത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേരും. കൊല്ലമുള-റാന്നി ട്രൈബൽ കോളനിയിലെ സർവേക്ക് തഹസിൽദാർ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായൺ എം.എൽ.എ, വില്ലേജ് ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.