പെരുന്തേനരുവി മാടിവിളിക്കുന്നു; അപകടത്തിലേക്ക്, മരിച്ചത് 90ലധികം പേർ
text_fieldsറാന്നി: നയനമനോഹരമാണ് പെരുന്തേനരുവി വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെ പതഞ്ഞ് നുരഞ്ഞൊഴുകുന്ന പെരുന്തേനരുവിയുടെ സൗന്ദര്യം കണ്ട് ചാടി പുഴയിലേക്ക് ഇറങ്ങരുത്. സൂക്ഷിക്കണം. അടുത്തുചെന്നാൽ പാറയിടുക്കിലേക്ക് ഒഴുക്കിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് ജീവൻ എടുത്തേക്കാം. അതാണ് പെരുന്തേനരുവി. ആരും ഇത് ശ്രദ്ധിക്കാറില്ല. ഇവിടെ ലൈഫ് ഗാർഡ് ഇല്ല. നിരീക്ഷണത്തിനും ആളില്ല. നിരവധിയാളുകളുടെ പിടച്ചിൽ അനുഭവിച്ചറിഞ്ഞതാണ് പെരുന്തേനരുവി. മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുമ്പോൾ പ്രത്യേകിച്ചും.
90ലധികം അപകടമരണങ്ങൾ സംഭവിച്ചതായാണ് നാട്ടുകാരുടെ കണക്ക്. സഞ്ചാരികൾക്കുള്ള മുന്നറിയിപ്പ് ബോർഡുകൾ കാടുമൂടിയും മാഞ്ഞുപോയ അവസ്ഥയിലുമാണ്. റാന്നി താലൂക്കിൽ നാറാണംമൂഴി-വെച്ചൂച്ചിറ പഞ്ചായത്തുകളെ ഇരുകരകളായി വേർതിരിക്കുന്നത് പെരുന്തേനരുവി വെള്ളച്ചാട്ടമാണ്. വെച്ചൂച്ചിറ പഞ്ചായത്തിൽ സഞ്ചാരികൾക്കായി ധാരാളം വികസന പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ആനയുടെയും കാട്ടുപോത്തിെൻറയും സാന്നിധ്യം ഉണ്ടെങ്കിലും കുടമുരുട്ടി മുതൽ വനാന്തരത്തിലൂടെ യാത്രചെയ്ത് പെരുന്തേനരുവി വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾ നിരവധിയാണ്.
ഇത്രയും അപകടങ്ങൾ സംഭവിച്ചിട്ടും സ്ഥിരമായി പെരുന്തേനരുവിയിൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ അധികൃതർ തയാറാകുന്നില്ല. അപകടങ്ങളിൽപ്പെടുന്നത് കൂടുതലും പുറത്തുനിന്ന് വരുന്ന സഞ്ചാരികളാണ്. ഇവർക്ക് പ്രദേശത്തെപ്പറ്റി കൃത്യമായി അറിവില്ലാത്തതാണ് പ്രധാന കാരണം. നിരവധി പാറയിടുക്കുകൾ ഉള്ളതിനാൽ പെരുന്തേനരുവിയിൽ വീണുപോകുന്ന പലരെയും കെണ്ടത്താനും പ്രയാസമാണ്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പൂർത്തിയായതോടെ അപകടങ്ങളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസം ഉണ്ടായ അപകടം നാടിനു നൊമ്പരമായി.
പലപ്പോഴും ഇവിടെ വരുന്ന സഞ്ചാരികൾക്ക് ജലവൈദ്യുതി പദ്ധതിയിലെ ജീവനക്കാരാണ് അരുവിയിൽ പതിയിരിക്കുന്ന അപകടം പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്നത്. വെള്ളച്ചാട്ടത്തിലേക്കുള്ള വഴികൾ കാടുമൂടിയ അവസ്ഥയിലാണ്. ഇനിയും ഒരു ജീവൻ പൊലിയും മുമ്പ് ലൈഫ് ഗാർഡുകളെ നിയമിക്കുകയും സുരക്ഷ മുൻകരുതലുകൾ കൈക്കൊള്ളുകയും വേണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.