ആദ്യഘട്ടം പൂർത്തീകരിച്ചു; നഗരസഭ ബസ് സ്റ്റാൻഡ് യാർഡ് തുറന്നു
text_fieldsപത്തനംതിട്ട: നഗരസഭയുടെ ഹാജി സി. മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡ് യാർഡ് നിർമാണം ആദ്യഘട്ടം പൂർത്തീകരിച്ച് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നാടിന് സമർപ്പിച്ചു.
ഉയർന്ന നിലവാരത്തിൽ ശാസ്ത്രീയമായി തയാറാക്കിയ യാർഡ് നഗരത്തിന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. പരിഹരിക്കാൻ പറ്റില്ലെന്ന് കരുതിയ വലിയ പ്രതിസന്ധിക്കാണ് പരിഹാരം കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ യാർഡിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമാണേദ്ഘാടനവും നടത്തി.
വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എസ്. ഷമീർ അധ്യക്ഷത വഹിച്ചു. കലക്ടർ എസ്. പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി. ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരാലി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജിത് കുമാർ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഇന്ദിരാമണിയമ്മ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജറി അലക്സ്, പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, കൗൺസിലർമാർ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭയും കുടുംബശ്രീയും സമാഹരിച്ച തുക ചടങ്ങിൽ കലക്ടർക്ക് കൈമാറി.
യാർഡ് നിർമാണം ഉന്നത നിലവാരത്തിൽ
വിദഗ്ധ നിർദേശങ്ങൾക്കൊപ്പം പൊതുജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തി തയാറാക്കി അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ജനകീയ ഇടപെടലിലൂടെയാണ് പദ്ധതി പൂർത്തിയാകുന്നത്. നിലവിലെ തറയിൽനിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി.എസ്.പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. മാറുന്ന കാലാവസ്ഥ വെല്ലുവിളി ആകാതിരിക്കാൻ വിപുലമായ ഡ്രെയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയാറാക്കിയിരിക്കുന്നത്.
നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. സ്റ്റാൻഡിന്റെ ശേഷിക്കുന്ന ഭാഗം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പൂർത്തിയാക്കുക, കെട്ടിടത്തിന്റെ നവീകരണം, മുകൾനിലയുടെ നിർമാണം, ബസ് സ്റ്റാൻഡിനോട് ചേർന്ന് വിശാലമായ പാർക്കിങ് സൗകര്യം, ഹാപ്പിനസ് പാർക്ക്, ഡ്രൈവ് വേ, നടപ്പാത എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷൽ അസിസ്റ്റൻസ് പദ്ധതി പ്രകാരമാണ് യാർഡ് നിർമാണം പൂർത്തിയാക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.