തീർഥാടന കാലം; ശബരിമല പ്രത്യേക വാർഡ് ജനറൽ ആശുപത്രിയിൽ തന്നെ
text_fieldsപത്തനംതിട്ട: മണ്ഡല മകരവിളക്കുകാലത്തെ ശബരിമല പ്രത്യേക വാർഡ് ജനറൽ ആശുപത്രിയിൽ തന്നെ തുടരും. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നിലവിലെ ഒ.പി, അത്യാഹിത ബ്ലോക്ക് ഉടൻ പൊളിച്ചുനീക്കി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കാൻ തീരുമാനിച്ചതിനാൽ ശബരിമല വാർഡ് ഇവിടെനിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു.
കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ശബരിമല വാർഡ് തുറക്കാനും ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം മാത്രം നിലനിർത്താനും തീരുമാനിച്ചിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ പുതിയ സൗകര്യങ്ങൾ കൂടി ശബരിമല തീർഥാടകർക്കു പ്രയോജനപ്പെടുന്ന തരത്തിലേക്ക് വികസിപ്പിക്കാനുമായിരുന്നു നിർദേശം. ഇതനുസരിച്ച് രണ്ട് ആശുപത്രിയിലും ആരോഗ്യവകുപ്പ് ഉന്നതതല സംഘം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളിൽ മാറ്റമുണ്ടായത്.
ശബരിമല സന്നിധാനം, പമ്പ, നിലക്കൽ, പ്രധാന പാതകളിൽ എന്നിവിടങ്ങളിൽനിന്നുള്ള അത്യാഹിത സംഭവങ്ങൾ ഉൾപ്പെടെ ആദ്യം എത്തിച്ചിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ്. എന്നാൽ, ജനറൽ ആശുപത്രിയിൽ സൗകര്യങ്ങളിൽ ഇല്ലെന്നു വന്നാൽ ഇവ നേരെ കോന്നി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയെന്നതായിരുന്നു നിർദേശം. കോന്നി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് അടിയന്തരമായി കിടത്തിച്ചികിത്സ അടക്കം സജ്ജീകരിക്കാൻ നിർദേശമുണ്ടായി.
എന്നാൽ, മെഡിക്കൽ കോളജിലേക്കുള്ള പാതകൾ വികസിപ്പിക്കാത്തതും കിടത്തിച്ചികിത്സ, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കാത്തതും ശബരിമല വാർഡ് പ്രവർത്തനത്തിന് ബുദ്ധിമുട്ടാകുമെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പ് ഉന്നതർക്കുണ്ടായത്.
നിലവിലെ സാഹചര്യത്തിൽ ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെയും അത്യാഹിത വിഭാഗം കെട്ടിടത്തിന്റെയും നിർമാണ നടപടികൾ വൈകും. നിലവിലെ കെട്ടിടം പൊളിച്ചുനീക്കാൻ ടെൻഡർ നൽകിയെങ്കിലും തൽക്കാലം പൊളിക്കൽ വേണ്ടെന്നാണ് തീരുമാനം. കെട്ടിടം പൊളിച്ചു നീക്കിയാൽ ശബരിമല വാർഡിനുള്ള സ്ഥലസൗകര്യം ലഭിക്കില്ല.
താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റും. ഇതിനിടെ ശബരിമല തീർഥാടകർക്ക് മതിയായ ചികിത്സാ സൗകര്യം ലഭ്യമല്ലാതെയും വന്നേക്കാം. ഈ ഒരു സാഹചര്യം ഒഴിവാക്കാനാണ് ശബരിമല വാർഡ് പഴയതുപോലെ തുടരാൻ തീരുമാനം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.