ശബരിമല തീര്‍ഥാടനം; ശുചീകരണത്തിന് 1000 വിശുദ്ധി സേനാംഗങ്ങൾ
text_fieldsപത്തനംതിട്ട: ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ സര്‍ക്കാറിനു ശിപാര്‍ശ നല്‍കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. സന്നിധാനം, പമ്പ, നിലക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുക.
ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വേതനം പരിഷ്കരിക്കുന്നതിനു ശിപാര്‍ശ നല്‍കും. യാത്രപ്പടി ഇനത്തില്‍ 1000 രൂപ ഇവര്‍ക്ക് നല്‍കും. വിശുദ്ധ സേനാംഗങ്ങളുടെ പ്രവര്‍ത്തനവും ക്ഷേമവും വിലയിരുത്തുന്നതിനായി വെല്‍ഫെയര്‍ ഓഫിസറെ നിയമിക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്കുള്ള ബാര്‍ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്ക്, ഗ്ലൗസ് തുടങ്ങിയ അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് നേരിട്ടു വാങ്ങും. യൂണിഫോം, ട്രാക് സ്യൂട്ട്, തോര്‍ത്ത്, പുതപ്പ്, പുല്‍പ്പായ, സാനിറ്റേഷന്‍ ഉപകരണങ്ങള്‍, യൂണിഫോമില്‍ മുദ്ര പതിപ്പിക്കല്‍ എന്നിവക്കായി ക്വട്ടേഷന്‍ ക്ഷണിക്കും.
വിശുദ്ധി സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം സംസ്കരണ സ്ഥലത്ത് എത്തിക്കുന്നതിന് 14 ട്രാക്ട്രര്‍ ടെയിലറുകള്‍ വാടകക്ക് എടുക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ മൂന്ന് വീതവും നിലക്കലില്‍ എട്ട് ട്രാക്ടറുമാണ് വിന്യസിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 2022-23 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു.
ജില്ല പൊലീസ് മേധാവി വി. അജിത്, എ.ഡി.എം ബി. രാധാകൃഷ്ണന്, തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്റുദ്ദീന്‍, വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടി.ആര്. സദാശിവന് നായര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.