ശബരിമല തീര്‍ഥാടനം: സുരക്ഷായാത്ര എട്ടിന്
text_fieldsപത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി ജില്ല ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന സുരക്ഷായാത്ര എട്ടിന് നടക്കും. കലക്ടറേറ്റ് മുതല്‍ പമ്പവരെയാണ് യാത്ര നടത്തുന്നത്. ശബരിമല പാതയിലെ ദുരന്തസാധ്യത പ്രദേശങ്ങള്‍ കണ്ടെത്തി അവ തരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നതിനാണ് യാത്ര സംഘടിപ്പിക്കുന്നത്. എല്ലാ വകുപ്പും സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താൻ കലക്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ എ. ഷിബു പറഞ്ഞു.
ഇടത്താവളങ്ങളില്‍ വേണ്ട സംവിധാനം ഏര്‍പ്പെടുത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നല്കി. ശുചീകരണം 10ന് ആരംഭിക്കും. തിരുവാഭരണ ഘോഷയാത്ര പാതകളിലെ കാടുകള്‍ വെട്ടിത്തെളിക്കും. സ്നാനകടവുകള്‍ പരിശോധിച്ച് ആവശ്യമായ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തും. അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം നവംബര്‍ 15ന് പ്രവര്‍ത്തനസജ്ജമാകും.
അഗ്നിരക്ഷാസേന കണ്ട്രോള് റൂമുകള്‍ സജ്ജമാക്കും. റോഡിലെ അറ്റകുറ്റപ്പണി നവംബര്‍ 10നും റോഡ് സുരക്ഷ ക്രമീകരണം 15നും പൊതുമരാമത്ത് നിരത്തുവിഭാഗം പൂര്‍ത്തിയാക്കും. സന്നിധാനത്തെ കെട്ടിടങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണി 10ന് പൂര്‍ത്തിയാക്കും. തടസ്സമില്ലാതെ ജലലഭ്യതയും ഗുണനിലവാര പരിശോധനയും ഉറപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു. അഗ്നിരക്ഷാസേന, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം, കെട്ടിട വിഭാഗം എന്നിവര്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്ന് ജില്ല പൊലീസ് മേധാവി വി. അജിത് പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി റെസ്ക്യൂ ടീം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യക്കോസ്, ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, അടൂര്‍ ആർ.ഡി.ഒ എ. തുളസീധരന്‍പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.