പൈപ്പ് പൊട്ടൽ നിത്യവും; അപകട ഭീഷണിയായി കുഴികളും
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ-പാടി മൺ ജേക്കബ് സ്റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ നടപടിയില്ല. പൈപ്പ് പൊട്ടൽ നിത്യസംഭവമായതോടെ റോഡിലൂടെ ഒഴുകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം. ഇതോടെ കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ റോഡിന്റെ തകർച്ചയും വേഗത്തിലായി.
കഴിഞ്ഞ ദിവസം നടുഭാഗത്തിന് സമീപം പൈപ്പ് പൊട്ടിയത് കണ്ടെത്താൻ അധികൃതർ റോഡ് കുത്തിപ്പൊളിച്ചപ്പോൾ രൂപപ്പെട്ടത് വൻ ഗർത്തമാണ്. നേരത്തെ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ അടച്ചതിന് സമീപത്തുതന്നെയാണ് വീണ്ടും കുഴി ഉണ്ടായിരിക്കുന്നത്. ശാസ്താംകോയിക്കൽ മുതൽ പുത്തൂർ പടിവരെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് 40ഓളം സ്ഥലങ്ങളിലാണ് റോഡ് കുത്തിപ്പൊളിച്ചത്. അറ്റകുറ്റപ്പണിക്കുശേഷം കുഴികൾ നല്ലതുപോലെ മൂടാത്തത് അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്.
കുഴികൾ അടച്ചത് റോഡിനേക്കാൾ പൊങ്ങിയും താണും നിൽക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മാസങ്ങൾക്ക് മുമ്പ് മൃഗാശുപത്രി പടിക്കുസമീപം റോഡിന്റെ മധ്യഭാഗം 50 മീറ്ററോളം പൊളിഞ്ഞത് കോൺക്രീറ്റ് കൊണ്ട് അടച്ച് വച്ചിരിക്കുകയാണ്.
ഇവിടെ അപകടങ്ങൾ നിത്യ സംഭവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തിയെങ്കിലും കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ജല അതോറിറ്റി തയാറാവാത്തതാണ് പൈപ്പ് പൊട്ടി റോഡ് തകരാൻ പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.