പൊലീസ് കുഴി എണ്ണി; 40 എണ്ണം കണ്ടെത്തി
text_fieldsപത്തനംതിട്ട: അവസാനം ജില്ലയിലെ പൊലീസും കുഴി എണ്ണി. 40 എണ്ണം കണ്ടെത്തി. റോഡിലെ കുഴികളിൽവീണ് അപകടം തുടരുന്ന സാഹചര്യത്തിൽ പൊതുജനം ഈ നാൽപത് കുഴികൾ ശ്രദ്ധിച്ചാൽ മതിയാകും!
കുറ്റകൃത്യങ്ങളുടെ വർധനവ് അനുസരിച്ച് ക്രമസമാധാന പാലനത്തിന് പൊലീസ് ഓഫിസർമാരുടെ കുറവുണ്ടെന്ന വ്യാപക പരാതികൾ നിലനിൽക്കെയാണ് റോഡിലെ കുഴി എണ്ണാനും പൊലീസിന് നിയോഗം. സ്റ്റേഷൻ പരിധിയിലെ പ്രധാന റോഡുകളിൽ അപകട സാധ്യതയുള്ള കുഴികൾ കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന് കഴിഞ്ഞദിവസം ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സി.ഐമാർക്ക് നിർദേശം നൽകിയിരുന്നു.
പ്രത്യേക ഫോമിലായിരുന്നു കുഴികളുടെ എണ്ണം നൽകേണ്ടത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പൊതുജനങ്ങളെ മണിക്കൂറുകൾ കാത്തിരുത്തി സി.ഐമാരും മറ്റും കുഴി തപ്പി ഇറങ്ങി. അപകട ചരിത്രമുള്ള കുഴികളടങ്ങളിയ പ്രദേശത്തെ കണക്കാണ് മിക്ക സ്റ്റേഷനിൽനിന്നും ലഭിച്ചത്. റിപ്പോർട്ട് തുടർ നടപടികൾക്കായി കലക്ടർക്ക് കൈമാറി.
പൊലീസിനെ കുഴി എണ്ണിപ്പിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകൾ പ്രചരിക്കുന്നുണ്ട്. പൊലീസുകാരുടെ വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പോലും വലിയ വിമർശനം ഉയർന്നിട്ടുണ്ട്. സദുദ്ദേശ്യത്തോടെയുള്ളതാണെങ്കിലും പൊലീസ് ചെയ്യേണ്ട ജോലി ചെയ്താൽ നാട്ടിൽ സമാധാനം പുലരുമെന്നാണ് പൊതുജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയ പന്തളം സ്റ്റേഷൻ പരിധിയിലെ ഗുണ്ട ദിവസങ്ങളായി സ്വന്തം വീട്ടിൽ താമസിച്ചിട്ടും പൊലീസ് അറിഞ്ഞില്ല. നാട്ടുകാർ തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന് ശേഷമാണ് ഗുണ്ടയെ പിടികൂടിയത്.
റോഡ് നന്നാക്കേണ്ടവർ ഉറക്കത്തിൽ
റോഡ് പരിചരിക്കേണ്ട ബന്ധപ്പെട്ട വകുപ്പുകളാകട്ടെ ഉറക്കത്തിലുമാണ്. ദിനം പ്രതി കുഴികളിൽ വീണുള്ള അപകടം പെരുകുകയാണ്. ഇരുചക്ര വാഹന യാത്രികരാണ് കൂടുതലും ഇരകൾ. പത്തനംതിട്ട കണ്ണങ്കരയിൽ കുഴിയിൽ വീഴാതെ വെട്ടിച്ച ബസ് കാലിലൂടെ കയറി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയ നിർദന യുവതി പരിക്കേറ്റ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
റോഡ് നന്നാക്കണമെന്ന് പ്രതിഷേധം ഉയരുമ്പോൾ കണ്ണിൽ പൊടിയിടാൻ ടാർ കലക്കി ഒഴിച്ച് പി.ഡബ്ല്യു.ഡി സ്ഥലം വിടും. ഇതിനെതിരെ കോടതികളും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടന്ന് റോഡുകളുടെ ആഴം അറിയാതെ ചാടി തെറിച്ചുവീണാണ് കൂടുതലും അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
മലയോര ജില്ലയിൽ ബി.എം.ബി.സി നിലവാരത്തിൽ പണിത പല റോഡുകളിലും വൻ കുഴികൾ രൂപപ്പെട്ടിട്ട് ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ഉന്നത നിലവാരത്തിൽ പണിത പല റോഡുകളിലും നല്ല വേഗത്തിൽ വരുമ്പോൾ കാണുന്ന കുഴികളിൽ വീഴാതെ വെട്ടിച്ചുമാറ്റി അപകടങ്ങളും വർധിക്കുന്നുണ്ട്.
പൊലീസ് കുഴി എണ്ണിയ ദിവസം തന്നെ ജില്ലയിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കുമ്പഴ- മലയാലപ്പുഴ റോഡിൽ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് പള്ളിക്ക് സമീപം കുഴിയിൽ ഇരുചക്ര വാഹന യാത്രികരായ രണ്ടു പേരാണ് അപകടത്തിൽ പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.