പോപുലര്‍ ഫിനാന്‍സ് ഒഴിപ്പിക്കല്‍ ഈ മാസം പൂര്‍ത്തീകരിക്കും
text_fieldsപത്തനംതിട്ട: വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ചുകളിലെ അവശേഷിക്കുന്ന സാധന സാമഗ്രികൾ മറ്റൊരിടത്തേക്ക് മാറ്റുന്നതിന് തീരുമാനമായി.
കലക്ടറുടെ അധ്യക്ഷതയില്‍ കെട്ടിട ഉടമകളെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. പോപുലര്‍ ഫിനാന്‍സിന്റെ ഹെഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന കോന്നി വകയാറിലുള്ള രണ്ട് കെട്ടിടത്തിലേക്കാണ് സാമഗ്രികള്‍ മാറ്റുന്നത്. സാധന സാമഗ്രികളുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യോഗം വിളിച്ചത്.
ഓരോ ഓഫിസിലുമുള്ള സാധന സാമഗ്രികള്‍ ചിട്ടയായും ക്രമമായും വസ്തുവിവര പട്ടിക ക്രമനമ്പറും അനുസരിച്ച് തരം തിരിക്കണം. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍, കോടതി ഉത്തരവുകള്‍ പാലിച്ച്, കൃത്യമായ രജിസ്റ്റര്‍ സൂക്ഷിച്ചു വേണം നിര്‍ദിഷ്ട സ്ഥലത്തേക്ക് മാറ്റേണ്ടതെന്ന് കലക്ടര്‍ പറഞ്ഞു.
ഉടമസ്ഥര്‍ സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ അവരുടെ പ്രതിനിധിക്ക് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിന് മുക്ത്യാര്‍ എഴുതി ചുമതലപ്പെടുത്തി നല്‍കാം. ജൂണിൽ തന്നെ കെട്ടിട ഉടമകളുടെ പൂര്‍ണ സഹകരണത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും കെട്ടിടം വിട്ടുനല്കാനാകുമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ബി. രാധാകൃഷ്ണന്, ജില്ല ലോ ഓഫിസര്‍ കെ.എസ്. ശ്രീകേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.