പോപുലർ ഫ്രണ്ട് ഹർത്താൽ; ജപ്തി ചെയ്തവയിൽ കൂട്ടവകാശ ഭൂമിയും
text_fieldsപത്തനംതിട്ട/പന്തളം/മല്ലപ്പള്ളി: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിലെ നഷ്ടം ഈടാക്കാൻ ജപ്തി ചെയ്തവയിൽ കൂട്ടവകാശ ഭൂമിയും. ജില്ല ഭാരവാഹികളായിരുന്ന ആറുപേരുടെ സ്വത്താണ് പത്തനംതിട്ടയിൽ ജപ്തി ചെയ്തത്.
വെള്ളിയാഴ്ച തുടങ്ങിയ നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് റവന്യൂ വകുപ്പ് സർക്കാറിന് റിപ്പോർട്ടും നൽകി. ഹൈകോടതി നിർദേശപ്രകാരമായിരുന്നു സർക്കാറിന്റെ ജപ്തി നടപടി. സംസ്ഥാനതലത്തിൽ ആകെ 5.20 കോടിയാണ് ഈടാക്കേണ്ടത്. കൂട്ടവകാശമുള്ള ഭൂമിയും കുടുംബങ്ങൾ താമസിക്കുന്ന വീടും കണ്ടുകെട്ടിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോന്നി താലൂക്കിലെ സംഘടന ഭാരവാഹി ഷബീറിന്റെ അരുവാപ്പുലം പഞ്ചായത്തിലെ ഐരവൺ വില്ലേജിലെ 14 സെന്റിൽ ഭാര്യക്കും കൂടി അവകാശമുള്ള ഭൂമിയാണ് ജപ്തി ചെയ്തത്. മുൻ സംസ്ഥാന സെക്രട്ടറി എസ്. നിസാറിന്റെ പത്തനംതിട്ട വില്ലേജിലെ എട്ട് സെന്റ് ഭൂമിയിൽ ഭാര്യക്കും ഉടമസ്ഥാവകാശമുണ്ട്. എൻ.ഐ.എ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ജില്ല സെക്രട്ടറി സാദിഖ് അഹമ്മദിന്റെ രണ്ടു സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പത്തനംതിട്ട പാറലിലെ എട്ടു സെന്റും വീടും അഞ്ച് സെന്റും വീടുമാണ് നടപടി നേരിട്ടത്. ഇതിൽ അഞ്ച് സെന്റ് ഭാര്യക്കും കൂടി അവകാശപ്പെട്ടതാണ്.
മല്ലപ്പള്ളി താലൂക്കിലെ ഭാരവാഹിയായിരുന്ന കോട്ടാങ്ങൽ പനച്ചിക്കൽ വീട്ടിൽ സിനാജിന്റെ മുറിച്ചുവിറ്റ ഒരേക്കറിലധികം ഭൂമിയിലെ പൊതുവഴി ഇദ്ദേഹത്തിന്റെ പേരിലായതിനാൽ കണ്ടുകെട്ടിയവയിൽപെടും. പുറമെ ഏഴ് സെന്റും പണിയുന്ന വീടും ജപ്തി ചെയ്തു. മുൻ ജില്ല പ്രസിഡന്റ് എസ്. സജീവിന്റെ പള്ളിക്കൽ പഞ്ചായത്തിലെ 10 സെന്റ് ഭൂമിയും ജപ്തി ചെയ്തു.
പോപുലർ ഫ്രണ്ട് പന്തളം ഡിവിഷനൽ പ്രസിഡന്റായിരുന്ന തോന്നല്ലൂർ ഉളയമഠത്തിൽ പുത്തൻവീട്ടിൽ അൽ-അമീന്റെ മൂന്ന് സർവേ നമ്പറിലെ വസ്തുവും കണ്ടുകെട്ടി. ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ ബീവിയുടെ കൂടി ഉടമസ്ഥതയിലുള്ള വീട് ഉൾപ്പെടെ ഏഴ് സെന്റ് ജപ്തി ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘം ഫാത്തിമ ബീവിക്ക് നോട്ടീസ് നൽകിയെങ്കിലും സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വീട്ടിൽ പതിച്ചു. നോട്ടീസിന്റെ പകർപ്പ് പന്തളം സബ് രജിസ്ട്രാർ ഓഫിസിലും പന്തളം നഗരസഭയിലും പന്തളം വില്ലേജ് ഓഫിസിലും പതിച്ചിട്ടുണ്ട്. പന്തളം വില്ലേജ് ഓഫിസർ രേണു രാമൻ, സ്പെഷൽ വില്ലേജ് ഓഫിസർ അനീഷ് കുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മനു മുരളി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
രണ്ടാഴ്ച മുമ്പ് വീട്ടുകാർക്ക് ജപ്തി നടപടികളുടെ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഹൈകോടതിയുടെ കർശന നിർദേശം വന്നതോടെയാണ് ജപ്തി നടപടികൾക്ക് വേഗമേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.