പോളിങ് ഉദ്യോഗസ്ഥര്‍ക്ക് 25 വരെ തപാല്‍ വോട്ടിങ്
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് വോട്ടുചെയ്യാന്‍ പരിശീലനകേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 25 വരെ സൗകര്യം. തപാല്‍വോട്ടിനായി ഫോറം 12ല്‍ അപേക്ഷ നല്കിയ മറ്റു ലോക്സഭമണ്ഡലങ്ങളില് വോട്ടുള്ള പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ട്.
അപേക്ഷ നൽകാൻ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു. എല്ലാ നിയമസഭ നിയോജകമണ്ഡലങ്ങളിലുമുള്ള പരിശീലനകേന്ദ്രങ്ങളില്‍ പ്രത്യേക പോളിങ് ബൂത്തുകള്‍ ഒരുക്കിയാണ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
12 എ പ്രകാരം തപാല്‍ വോട്ടിന് അപേക്ഷ നല്കിയ കോട്ടയം ലോക്സഭ മണ്ഡലത്തില്‍ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ഈ ദിവസങ്ങളില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
ഇ.ഡി.സി ലഭിക്കുന്നവര്‍ക്കു വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് ഡ്യൂട്ടിയുള്ള ബൂത്തിലോ സൗകര്യപ്രദമായ ബൂത്തിലോ വോട്ട് രേഖപ്പെടുത്താം. ഇ.ഡി.സി ലഭിക്കുന്നതിനുള്ള 12 എ അപേക്ഷ ഏപ്രില്‍ 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
പോളിങ് ഡ്യൂട്ടിയില്ലാത്ത പൊലീസ് ഉദ്യോസ്ഥരടക്കമുള്ള മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഡ്രൈവര്‍, വീഡിയോഗ്രാഫര്‍ തുടങ്ങിയവർക്കും ഏപ്രില്‍ 23, 24, 25 തീയതികളില്‍ കേന്ദ്രീകൃത തപാല്‍ ബാലറ്റ് കേന്ദ്രത്തില്‍ വോട്ടു ചെയ്യാം.
ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ബാലറ്റുകള്‍ അതത് ദിവസം തന്നെ ബന്ധപ്പെട്ട ഉപവരണാധികാരികള്‍ക്ക് കൈമാറും. ഉപവരാണധികാരികള്‍ കൈമാറുന്ന ബാലറ്റ് പെട്ടി വരണാധികാരി സ്ട്രോങ് റൂമില്‍ സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.