കനകക്കുന്നിൽ നിന്നൊരു വീട്ടമ്മ
text_fieldsചെറുതോണി: കനകക്കുന്നിലെ മണ്ണിൽ വിളയിച്ച് കിട്ടുന്ന ഉൽപന്നങ്ങളിൽനിന്ന് അച്ചാറും പലഹാരങ്ങളും സ്റ്റാളുകളിട്ട് വിൽപന നടത്തി വിജയം കൊയ്യുകയാണ് പ്രേമകുമാരി എന്ന വീട്ടമ്മ.വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടിക്ക് സമീപം കനകക്കുന്നിൽ സ്വന്തമായുള്ള മുന്നേക്കറിൽനിന്നാണ് ഇവരുടെ തുടക്കം.
ഇവിടെ മണ്ണിൽ കൃഷിചെയ്ത് കിട്ടുന്ന ഉൽപന്നങ്ങൾ തരംതിരിച്ച് പല സാധനങ്ങൾ ഉണ്ടാക്കി സ്വന്തം സ്റ്റാളുകൾ വഴി വിറ്റഴിക്കുകയാണ്. 2017ലാണ് സാനിയ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനം തുടങ്ങുന്നത്. കുടുംബശ്രീയുടെ സഹായത്തോടെ ചെറിയ മുതൽമുടക്കിലാണ് തുടക്കം. സ്വന്തം പറമ്പിൽ കൃഷി ചെയ്തുണ്ടാക്കുന്ന നാരങ്ങ, മാങ്ങ, നെല്ലിക്ക, പയർ, തുടങ്ങി വിവിധയിനം അച്ചാറുകൾ, ചിപ്സ്, പച്ചക്കറികൾ എല്ലാം സ്റ്റാളിലുണ്ട്. ജാതിക്ക അച്ചാറിനും മീനച്ചാറിനും ആവശ്യക്കാരുമേറെയാണ്.
ഇടുക്കിയിൽ മാത്രമൊതുങ്ങുന്നതല്ല ഈ വീട്ടമ്മയുടെ സംരംഭം. കേരളത്തിലെവിടെ എന്തു മേളകൾ നടന്നാലും അവിടെ സാനിയയുടെ സ്റ്റാൾ ഉണ്ടാവും. ജോലിക്കാരില്ല. പ്രേമകുമാരി തന്നെയാണ് എല്ലായിടത്തും എത്തുന്നത്. നവംബറിൽ ഡൽഹിയിൽ നടക്കുന്ന മേളയിലേക്ക് ക്ഷണം കിട്ടിയിട്ടുണ്ട്.
വ്യവസായ ഓഫിസിൽനിന്നുള്ള പ്രോത്സാഹനവും പരിശീലനവും വളരെ സഹായമായതായി പ്രേമകുമാരി പറയുന്നു. തോപ്രാംകുടി യൂനിയൻ ബാങ്കിൽനിന്നുള്ള വായ്പയും തുണയായി.ഭർത്താവ് രാജൻ മക്കളായ രാജീവ്, രാജിമോൾ മരുമകൾ അഖില ഇവരുടെ പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.