തൊഴിലാളികളുടെ പിടിവാശി; നടപ്പാവാതെ പ്രീപെയ്ഡ് ഡോളി സംവിധാനം
text_fieldsശബരിമല: തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് നടപ്പാക്കാൻ ഒരുങ്ങിയ പ്രീപെയ്ഡ് ഡോളി സംവിധാനം തൊഴിലാളികളുടെ പിടിവാശി മൂലം നടപ്പായില്ല.
പ്രായാധിക്യം മൂലമടക്കം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് മലകയറാനും ഇറങ്ങാനുമായി ഡോളിയെ ആശ്രയിക്കുന്നത്. ഇത്തരം ഡോളി തൊഴിലാളികൾ തീർത്ഥാടകരോട് അമിത കൂലി ഈടാക്കുന്നതായും മോശമായി പെരുമാറുന്നതുമായ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് പ്രീ പെയ്ഡ് ഡോളി കൗണ്ടറുകൾ തുടങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അമിതകൂലി നൽകാതിരുന്നതിനെ തുടർന്ന് തീർത്ഥാടകനെ പാതി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ നാല് ഡോളി തൊഴിലാളികളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ഡോളി സംവിധാനം പ്രീപെയ്ഡ് ആക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഹൈകോടതി ദേവസ്വം ബോർഡിന് നിർദേംശം നൽകിയിരുന്നു. ദേവസ്വം ബോർഡ് അംഗീകരിച്ച 3250 നു പകരം 5000 രൂപ വരെ ഭക്തരിൽനിന്ന് വാങ്ങാറുണ്ടെന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ദിവസവും ബോർഡിനും പൊലീസിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡോളി തൊഴിലാളികൾ അമിത കൂലി ഈടാക്കുന്നത് തടയണമെന്ന് മുമ്പ് നടന്ന പല ശബരിമല അവലോകന യോഗങ്ങളിലും ആവശ്യം ഉയന്നിരുന്നു.
യാത്രക്കാരന്റെ ഭാരത്തിന്റെ അടിസ്ഥാനത്തിൽ എ, ബി.സി എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഡോളി നിരക്ക് നിശ്ചയിക്കാൻ എക്സിക്യൂട്ടിവ് ഓഫിസറെ ബോർഡ് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇതും നടപ്പായില്ല. കഴിഞ്ഞ ദിവസം ശബരിമല എ.ഡി.എം ഡോ. അരുൺ.എസ്. നായരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഒരു ഭാഗത്തേക്ക് 3250 രൂപയാക്കണം എന്നത് അംഗീകരിക്കുവാൻ തൊഴിലാളികൾ തയാറായില്ല.
ഇതിന് പിന്നാലെ അർധരാത്രി മുതൽ തൊഴിലാളികൾ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഹൈകോടതി നിർദേശ പ്രകാരം മാത്രമേ പ്രീപെയ്ഡ് സംവിധാനം ഏർപ്പെടുത്തൂ എന്ന് ഉറപ്പ് നൽകി. ഇതോടെയാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.