നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നു; കെട്ടിട നിർമാണം പ്രതിസന്ധിയിൽ
text_fieldsപത്തനംതിട്ട: നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കെട്ടിട നിർമാണ മേഖലയിൽ വൻ പ്രതിസന്ധി. ഫെബ്രുവരി മുതലാണ് ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നത്. കമ്പിയും സിമന്റുമെല്ലാം ഉയർന്ന വില കൊടുത്ത് വാങ്ങണം.
സാധാരണക്കാരുടെ ഇടയിൽ ഇത് സൃഷ്ടിച്ച പ്രതിസന്ധി വലുതാണ്. നിശ്ചിത തുകയുമായി നിർമാണത്തിനിറങ്ങുന്ന സാധാരണക്കാർക്ക് അവരുടെ സ്വപ്നത്തിനനുസരിച്ച വീട് നിർമാണം അപ്രാപ്യമാകുകയാണ്.
വീടുപണിയിലും മറ്റ് നിർമാണങ്ങളും നടത്തുന്ന സാധാരണക്കാരാണ് ഇതോടെ ദുരിതത്തിലായത്. കരാർ എടുത്ത് നിർമാണം നടത്തുന്നവർക്ക് പറഞ്ഞ തുകയിൽ പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. വില വർധന കാരണം മേഖലയിലെ വ്യാപാരികളും പ്രതിസന്ധിയിലാണ്. ഇന്ധന നിരക്ക് വർധന മറ്റെല്ലാ മേഖലകളെയും പോലെ ഇവിടെയും വില വർധനക്ക് കാരണമാകുന്നുണ്ട്.
അനുബന്ധ ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളായ പി.വി.സി പൈപ്പ്, ടൈൽസ്, പെയിന്റ്, വയറിങ് സാമഗ്രികൾ എന്നിവക്കും വില കുതിച്ചുയർന്നു. കരാറെടുത്ത് വീട് പണിയാൻ 1850 രൂപ ചതുരശ്ര അടിക്ക് ഉണ്ടായിരുന്നത് ഇപ്പോൾ 2400 മുതൽ 2600 രൂപയായി.
ഇതര സംസ്ഥാനത്തുനിന്നുമാണ് സിമന്റ് എത്തുന്നത്. സംസ്ഥാനത്ത് വേണ്ടുന്ന സിമന്റിന്റെ 20 ശതമാനം മാത്രമാണ് മലബാർ സിമന്റ്സ് ഉൽപാദിപ്പിക്കുന്നത്. 50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 410 രൂപയാണ് വില. സിമന്റ് കട്ടക്ക് 32ൽനിന്ന് 44 രൂപയായി ഉയർന്നു. കമ്പിയുടെ വിലയും അടിക്കടി വർധിക്കുകയാണ്. കിലോക്ക് 60 രൂപയായിരുന്ന കമ്പിവില 75 രൂപയാണ്. പി.സാൻഡ് അടിക്ക് 75, എം.സാൻഡ് അടിക്ക് 70, മെറ്റൽ 58, ചുടുകട്ട 11.50 പൈസ, കരിങ്കല്ല് ഒരു ലോഡ് 8500 രൂപ എന്നിങ്ങനെയാണ് വില. പാറപ്പൊടി നിലവിൽ നിർമാണത്തിന് എടുക്കുന്നില്ല. ജില്ലയിലേക്ക് ആവശ്യമായ ക്വാറി ഉൽപന്നങ്ങളെത്തിക്കുന്നത് കോന്നി താലൂക്കിൽ നിന്നാണ്. നിർമാണ സാമഗ്രികളുടെ വില വർധന വന്നതോടെ മേഖല ശോച്യാവസ്ഥയിലാണ്.
സാധനങ്ങളുടെ വില മാത്രമല്ല, തൊഴിലാളികളുടെ കൂലിയും വർധിച്ചിരിക്കുകയാണ്. അന്തർസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയായും വർധിച്ചു. നാട്ടിലെ തൊഴിലാളികളുടെ കൂലിയിലും വർധനയുണ്ടായി.
വീട് നിർമാണത്തിനുള്ള ബാങ്ക് വായ്പ ഉൾപ്പെടെ ലഭിക്കാൻ കാലതാമസമെടുക്കുന്നതും സാധാരണക്കാരെയും മേഖലയെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുകയാണ്. ലൈഫ് പദ്ധതി വീട് നിർമാണം പലതും പാതിവഴിയിലായ അവസ്ഥയാണ്. ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിച്ചു. നാലുലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ വീടുകൾ പണിയാൻ നൽകുന്നത്. 12 ലക്ഷം രൂപ വരെയാണ്
നിർമാണച്ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.