സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ മടക്കി അയക്കരുത് -മന്ത്രി വീണാ ജോര്‍ജ്
text_fieldsപത്തനംതിട്ട: സ്വകാര്യ ആശുപത്രികള്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ ചികിത്സ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡേതര ചികിത്സ തേടുന്ന രോഗികളെ കോവിഡ് പോസിറ്റിവ് ആണെന്നു കണ്ടാല്‍ ചികിത്സ നിഷേധിക്കുന്ന പ്രവണത ശരിയായ കാര്യമല്ല. കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ വരരുത്. തിരുവല്ല താലൂക്ക് ആശുപത്രിയിലും കോഴഞ്ചേരി ജില്ല ആശുപത്രിയിലും സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓക്സിജന്‍ പ്ലാന്റ് അനുവദിച്ചതായും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ടൗണ്‍, ആറന്മുള ഇടശ്ശേരിമല എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് വാട്ടര്‍ അതോറിറ്റി പരിഹാരം കാണണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സുബല പാര്‍ക്കിന്റെ അടുത്തഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കണം. കോഴഞ്ചേരി പാലത്തിന്റെ സമീപന പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് വേഗം പൂര്‍ത്തിയാക്കണം. ജില്ലയില്‍ ലൈഫ് മിഷന് പദ്ധതിയില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ പരിശോധന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഈ മാസം 31ന് അകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം വലിയ തോട്, അടൂര്‍ വലിയ തോട് എന്നിവയുടെ സര്‍വേ നടപടി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തണം. ആനയടി - കൂടല്‍ റോഡിലെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കി ടാറിങ് നടത്തണം. പന്തളം ബൈപാസിനും അടൂര്‍-തുമ്പമണ്‍ റോഡ് വികസനത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
തിരുവല്ല നഗരസഭ പരിധിയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാണെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണമെന്ന് അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. തോട്ടഭാഗം- ചങ്ങനാശ്ശേരി റോഡില്‍ വാട്ടര്‍ അതോറിറ്റിയില്‍നിന്ന് നിരാക്ഷേപ പത്രം ലഭിച്ച ഭാഗം ബിസി ടാറിങ് ചെയ്യുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ അനുമതി നല്‍കണം. ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണം. പൊടിയാടി- അമ്പലപ്പുഴ റോഡില്‍ നെടുമ്പ്രത്ത് കലുങ്കും തോടുകളും അടഞ്ഞതു മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നതിന് പരിഹാരം കാണണമെന്നും എം.എല്‍.എ പറഞ്ഞു.
റാന്നിയില്‍ പ്രളയത്തിന് ഇരയായ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ കുടിവെള്ള വിതരണം ആരംഭിക്കണം.
തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കണം. പ്രകൃതി ക്ഷോഭത്തിന് ഇരയായ റാന്നി കുരുമ്പന്മൂഴിയിലെ പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കണം. അത്തിക്കയം- കടുമീന്‍ചിറ റോഡ് നിര്‍മാണം റീബില്‍ഡ് കേരള പദ്ധതിയില്‍ ആരംഭിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളും റവന്യൂവകുപ്പും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് നടപടിയെടുക്കണമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. പമ്പാ നദിയിലെ പുറ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി ഇറിഗേഷന്‍ വകുപ്പ് വേഗം നടത്തണം.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കുന്നതിന് പ്രത്യേക പരിശീലനം നല്കി വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടാസ്ക്ഫോഴ്സ് രൂപവത്കരിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, എ.ഡി.എം അലക്സ് പി. തോമസ്, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.