സ്റ്റേഷനറിക്കടയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപനക്കായി സൂക്ഷിക്കുകയും കച്ചവടം ചെയ്യുകയും ചെയ്ത സ്റ്റേഷനറി കടയുടമയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ചെറുകുളഞ്ഞി വലിയകുളം കൈതതടത്തിൽ പാന്റ് രാജനെന്നറിയപ്പെടുന്ന എസ്. രാജൻ (65) ആണ് പിടിയിലായത്. കടയിൽനിന്ന് നാല് ബക്കറ്റുകളിലും രണ്ട് ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇട്ടിയപ്പാറ അടച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിലെ ഇയാൾ നടത്തുന്ന രണ്ടുമുറിക്കടയിലാണ് ഇവ വില്പനക്കായി സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. കടയുടെ വരാന്തയിൽ പ്ലാസ്റ്റിക് മേശക്കടിയിൽ ബക്കറ്റുകളിലും ചാക്കുകളിലുമായി സൂക്ഷിച്ച ഇവയിൽ പൊട്ടിക്കാത്ത 120 പാക്കറ്റും പൊട്ടിച്ച 450 പാക്കറ്റും ഹാൻസും, 350 പാക്കറ്റ് കൂളുമാണ് ഉണ്ടായിരുന്നത്.
ഒരു പാക്കറ്റിൽ 15 കവർ ആണ് ഉണ്ടാവുക. എ.എസ്.ഐ കൃഷ്ണൻകുട്ടി, എസ്.സി.പി.ഒ അജാസ് ചാറുവേലിൽ, സിപിഓമാരായ ഗോകുൽ കണ്ണൻ, അശോകൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.