വികസനം പറഞ്ഞ് അന്നം മുട്ടിക്കരുതേ...
text_fieldsകൊടുമൺ: കേരള പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് വിമാനത്താവളം വേണമെന്ന ചില സംഘടനകളുടെ ആവശ്യത്തിനെതിരെ തൊഴിലാളികൾ രംഗത്ത്. തങ്ങളുടെ ജീവനോപാധിയായ തൊഴിലിനായി എസ്റ്റേറ്റ് നിലനിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനിടെ ഇവിടെ ഓപൺ ജയിൽ സ്ഥാപിക്കാൻ നീക്കംതുടങ്ങി.
വിമാനത്താവളത്തിന്റെയും ജയിലിന്റെയും പേരിൽ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതോടെ ഇവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകൾ ആശങ്കയിലാണ്. ഇവിടെ പണിയെടുക്കുന്നത് സാധാരണക്കാരായ തൊഴിലാളികളാണ്. തോട്ടം ഇല്ലാതായാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കും. നിരവധി ചെറിയ അരുവികൾ തോട്ടത്തിൽകൂടി ഒഴുകുന്നുണ്ട്.
പൊതുമേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് എന്ന സ്ഥാപനം 1962 നവംബർ 12നാണ് ആരംഭിച്ചത്. ജില്ലയിലെ കൊടുമൺ റബർ പ്ലാന്റേഷനും വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കാലടി പ്ലാന്റേഷനും സംയോജിച്ചാണ് നിലവിൽവന്നത്. ആകെ 14,192 ഹെക്ടറാണ് പ്ലാന്റേഷന്റെ വിസ്തൃതി. അതിൽ 4270 ഹെക്ടറിൽ റബർ കൃഷിയും 5750 ഹെക്ടറിൽ കശുമാവും 705 ഹെക്ടറിൽ എണ്ണപ്പന 467 ഹെക്ടറിൽ കറുവപ്പെട്ട, കുരുമുളക് തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. 4500ൽപരം തൊഴിലാളികളും 500ൽപരം ജീവനക്കാരും കോർപറേഷനിൽ ജോലിചെയ്യുന്നു.
ജില്ലയിലെ കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട് എന്നീ എസ്റ്റേറ്റുകളിലായി 1800ൽപരം തൊഴിലാളികളും 150 ജീവനക്കാരും പണിയെടുക്കുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സെൻട്രി ഫ്യൂജ് ലാറ്റക്സ് ഫാക്ടറി കൊടുമൺ എസ്റ്റേറ്റിലാണ്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവുമാണിത്. കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റേഷൻ കമ്പനി കൂടിയാണ് പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള. തുടക്ക കാലഘട്ടത്തിലെ കമ്പനിയുടെ മൂലധനം 750 ലക്ഷം രൂപയായിരുന്നു. പ്രവർത്തനകാലം മുതൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്.
കൊടുമണ്ണിലെ രണ്ടായിരത്തിൽപരം കുടുംബങ്ങളെ അനാഥമാക്കുന്ന പദ്ധതിയെ എതിർക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. വിമാനത്താവളം പോലെയുള്ള പദ്ധതികൾക്ക് ഏരുമേലിയിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഉള്ളപ്പോൾ തന്നെയാണ് പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ എസ്റ്റേറ്റിൽ വരണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവന്നിരിക്കുന്നത്.
ഇതിനിടെ വിമാനത്താവളത്തിനായി പഞ്ചായത്തും പ്രമേയം പാസാക്കിയിരുന്നു. വനംവകുപ്പിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലമാണിത്. ഈ പൊതുമേഖല സ്ഥാപനം തന്നെ ഇല്ലാതാക്കുവാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഓപൺ ജയിലിനായുള്ള ആവശ്യത്തിനും പിന്നിലുമുള്ളതെന്ന് തൊഴിലാളികൾ പറയുന്നു.
ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് ചെയർമാൻ
കൊടുമൺ: വനംവകുപ്പിൽനിന്ന് ദീർഘകാല കരാർ അടിസ്ഥാനത്തിൽ പാട്ടത്തിനെടുത്ത ഭൂമിയാണിത്. ഈ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കഴിയില്ലെന്ന് പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ചെയർമാൻ ഒ. പി.എ സലാം ‘മാധ്യമ’ ത്തോട് പറഞ്ഞു. വിമാനത്താവളത്തിന് ചെറുവള്ളിയിൽ സർക്കാർ ശ്രമങ്ങൾ നടക്കുകയാണിപ്പോൾ. ഈ സമയത്താണ് കൊടുമണ്ണിൽ വേണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവന്നത്. കോർപറേഷന് ഇതുസംബന്ധിച്ച് ഒന്നും അറിയില്ല. കൊടുമണ്ണിൽ വിമാനത്താവളത്തിന് സർക്കാർ ശ്രമിച്ചാൽ തന്നെ നടപ്പാക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ പ്രക്ഷോഭമെന്ന് ഐ.എൻ.ടി.യു.സി
കൊടുമൺ: പ്ലാന്റേഷൻ കോർപറേഷനിൽ പണിയെടുക്കുന്ന തൊഴിലാളികളെയും അവരുടെ കുടുബത്തെയും അനാഥമാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വം നൽകുമെന്ന് ജില്ല ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.