കയര്‍ ഭൂവസ്ത്രവിതാനത്തില് പത്തനംതിട്ട മുന്നിലേക്ക്
text_fieldsപത്തനംതിട്ട: പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്. കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍. തദ്ദേശസ്വയംഭരണ വകുപ്പും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനുമായി ചേര്‍ന്ന് നീര്‍ത്തടങ്ങളുടെ പ്രകൃതിസൗഹൃദസംരക്ഷണം ലക്ഷ്യമാക്കിയുള്ളതാണ് പദ്ധതി. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ പാര്‍ശ്വഭാഗം സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ് പദ്ധതി. കയ്യാലകള്‍, താങ്ങുഭിത്തികള്, റോഡ്നിര്‍മാണം എന്നിവയിലും ഉപയോഗപ്പെടുത്തുന്നുണ്ട്.
ആറന്മുള പഞ്ചായത്തിലാണ് തുടക്കം. പമ്പാനദിയിലേക്ക് പതിക്കുന്ന കോഴിത്തോട് നീര്‍ത്തടത്തിന്റെ സംരക്ഷണമാണ് ഏറ്റെടുത്ത് പുരോഗമിക്കുന്നത്. നാല്ക്കാലിക്കല്, ആറന്മുള കിഴക്ക്, കിടങ്ങന്നൂര്‍ വാര്‍ഡുകളില്‍ പൂര്‍ത്തിയായി. ഇതിനായി 7350 ചതുരശ്ര മീറ്റര്‍ ഭൂവസ്ത്രം വിനിയോഗിച്ചു, 2773 തൊഴില്‍ദിനങ്ങളും ലഭ്യമാക്കാനായി. തൊഴില്‍മേഖലയുടെ സംരക്ഷണത്തിനൊപ്പം തൊഴില്‍ നല്കി വരുമാനവും സൃഷ്ടിക്കുന്ന പദ്ധതി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിനായും പ്രയോജനപ്പെടുത്തുന്നു. റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ വലിയ സംരംഭങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകാണ് ലക്ഷ്യം.
ഇതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങളും അനുബന്ധമായുണ്ട്. ത്രിതല പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരമാവധി അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് കൊല്ലം ആസ്ഥാനമാക്കിയുള്ള പദ്ധതിനിര്‍വഹണ ഓഫിസര്‍ ജി. ഷാജി അറിയിച്ചു. സംശയനിവാരണത്തിന് ഫോണ്‍- 0474 2793412.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.