മുരുകൻകുന്നിലെ ക്രഷർ യൂനിറ്റിനെതിരെ പ്രതിഷേധം
text_fieldsപത്തനംതിട്ട: നാട്ടുകാർക്ക് ദുരിതമായി ഏനാദിമംഗലം മുരുകൻകുന്നിലെ അനധികൃത ക്രഷർ യൂനിറ്റ്. പട്ടികജാതി ജനവാസ കേന്ദ്രത്തിലാണ് ക്രഷർ യൂനിറ്റ് പ്രവർത്തിക്കുന്നതെന്നും പൊടിശല്യവും ജലമലിനീകരണവും മൂലം ജനം ദുരിതമനുഭവിക്കയാണെന്നും ഭീം ആർമി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്രഷർ യൂനിറ്റിന് സമീപത്ത് രണ്ട് പട്ടികജാതി കോളനിയിലായി അഞ്ഞൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഏഴ് വർഷമായി പ്രവർത്തനം ഇല്ലായിരുന്നു. പിന്നീട് പേര് മാറ്റി വീണ്ടും പ്രവർത്തനം തുടങ്ങി. ഹൈകോടതിയുടെ സ്റ്റേ ഓർഡർ ഉണ്ടായിട്ടും പ്രവർത്തിക്കുകയാണ്. റവന്യൂ അധികാരികളും കൂട്ടുനിൽക്കുകയാണ്.
മൂന്നുമീറ്റർ വീതി മാത്രമുള്ള പാറയ്ക്കൽ-മുരുകൻകുന്ന് റോഡിലൂടെയാണ് ക്രഷർ യൂനിറ്റിൽനിന്നുള്ള ടോറസ് വാഹനങ്ങൾ സദാസമയവും ചീറിപ്പായുന്നത്. ഇതുമൂലം കുട്ടികൾക്കും നാട്ടുകാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. പ്രവർത്തനം നിർത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കലക്ടർ, മനുഷ്യാവകാശ കമീഷൻ തുടങ്ങി നിരവധി പേർക്ക് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. ക്രഷർ യൂനിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോളനിവാസികളുടെ നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് രതീഷ് എം. ചന്ദ്രൻ, യൂനിറ്റ് പ്രസിഡന്‍റ് സുജൻ, ഷിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.