ക്ഷുദ്രജീവി ഹോട്സ്പോട്ടിൽനിന്ന് കൂടൽ, കലഞ്ഞൂർ വില്ലേജുകൾ ഒഴിവാക്കിയതിൽ പ്രതിഷേധം
text_fieldsപത്തനംതിട്ട: ജില്ലയിലെ കാട്ടുപന്നിശല്യം രൂക്ഷമായ വില്ലേജുകളുടെ ഹോട്സ്പോട്ട് പട്ടികയിൽനിന്ന് കൂടൽ, കലഞ്ഞൂർ വില്ലേജുകളെ ഒഴിവാക്കിയതിൽ യു.ഡി.എഫ് കലഞ്ഞൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി പ്രതിഷേധിച്ചു.
കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം തയറാക്കിയ ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടികയിൽ കൂടൽ, കലഞ്ഞൂർ വില്ലേജുകൾ ഉൾപ്പെടാതെപോയത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണ്. കൃഷി ഉപജീവനമാക്കിയ ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കാട്ടുപന്നിയുടെ ആക്രമണത്തിൽ അവരുടെ കൃഷിക്കും ജീവനും സ്വത്തിനുംവേണ്ടി വർഷങ്ങളായി പോരാടുകയാണ്.
കലഞ്ഞൂർ പഞ്ചായത്തിലെ ജനങ്ങളോടുള്ള നിഷേധാത്മകമായ നിലപാടാണ് ഇതിലൂടെ വെളിവാകുന്നത്. ഇത് പരിഹരിക്കുന്നതിന് അടിയന്തരമായി നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് സമരം നടത്താൻ എസ്.പി. സജന്റെ അധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചു.
ആശാ സജി, പ്രസന്നകുമാരി, മേഴ്സി ജോബി, ബിന്ദു റെജി, മാത്യു ചെറിയാൻ, മനോജ് മുറിഞ്ഞകൽ, ശലോമോൻ, റിനോ മുളകുപാടം എന്നിവർ സംസാരിച്ചു.
കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തണം
മല്ലപ്പള്ളി: കാട്ടുപന്നികൾ പെരുകുന്ന സാഹചര്യത്തിൽ ക്ഷുദ്രജീവി ഹോട് സ്പോട്ടുകളിൽ മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, ആനിക്കാട് തുടങ്ങിയ കൂടുതൽ വില്ലേജുകളെ ഉൾപെടുത്തണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടുപ്പന്നികളുടെ ആക്രമണത്തിൽ ജനങ്ങൾ വലയുകയാണ്. വഴിയാത്രക്കാർക്കുപോലും ജീവന് ഭീഷണിയാണ്. മല്ലപ്പള്ളി താലൂക്കിലെ പല പ്രദേശങ്ങളിലും കർഷകർ കൃഷി ഉപേക്ഷിച്ചു.
കാട്ടുപന്നിശല്യം സംബന്ധിച്ച് ആവശ്യമായ വിവരശേഖരണം നടത്താൻ അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.
കാട്ടുപന്നികളെ ഭയന്ന് ആനന്ദപ്പള്ളി നിവാസികൾ
അടൂർ: ആനന്ദപ്പള്ളിയിലും പരിസരങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം കൂടുന്നു. കൃഷി നശിപ്പിക്കുക മാത്രമല്ല മനുഷ്യരെ കുത്തി പ്പരിക്കേൽപിച്ച സംഭവങ്ങളും ഉണ്ടായി. ആനന്ദപ്പള്ളി ആലുംമൂട്ടിൽ ജോൺസ് വില്ലയിൽ ജോൺ, ഭാര്യ ജിജി ജോൺ എന്നിവരെ രണ്ടു ദിവസം മുമ്പാണ് പന്നി കുത്തിപ്പരിക്കേൽപിച്ചത്.
ആട് കർഷകരായ ഇവർ പുല്ല് വെട്ടാൻ പോയപ്പോഴാണ് പിന്നിൽ നിന്നുവന്ന കാട്ടുപന്നി കുത്തിയത്. ജോണിന്റെ നട്ടെല്ലിന് ഗുരുതരമായ പൊട്ടൽ ഉണ്ടായി. ജിജിക്കും സാരമായി പരിക്കേറ്റു.
പ്രദേശവാസികൾ എല്ലാരും ഭീതിയിലാണ്. പകൽ പോലും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. സ്കൂൾ തുറന്നുകഴിഞ്ഞാൽ കുട്ടികൾ എല്ലാം നടന്നുപോകേണ്ട വഴിയാണിത്. കൂട്ടമായും ഒറ്റക്കും പൊതുജനങ്ങളെ ഭീതിയിൽ ആഴ്ത്തുകയാണ് കാട്ടുപന്നികൾ.
കർഷകരുടെ ഉപജീവന മാർഗം ആയതിനാൽ വീടിനകത്തു അടച്ചിരിക്കാൻ സാധിക്കില്ല. അധികൃതരുടെ അനാസ്ഥമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, വാഴ തുടങ്ങിയവയാണ് പന്നികൾ പ്രധാനമായും നശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.