പൊതുയോഗങ്ങള്‍, ഉച്ചഭാഷിണി; സുവിധ പോര്‍ട്ടൽ വഴി അനുമതി നേടണം
text_fieldsപത്തനംതിട്ട: സ്ഥാനാര്‍ഥികള്‍ക്ക് വിവിധ അനുമതികള്‍ നേടുന്നതിന് സഹായകമായി തെരഞ്ഞെടുപ്പ് കമീഷന്റെ സുവിധ പോര്‍ട്ടല്‍.
തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നടത്തുന്നതിനും പ്രചാരണത്തിനുള്ള വാഹനങ്ങള്‍, ഹെലിപാടുകള്‍, ഉച്ചഭാഷിണി എന്നിവ ഉപയോഗിക്കുന്നതിനുള്ള ഏകജാലക ഓണ്‍ലൈന്‍ സംവിധാനമാണ് സുവിധ.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷ 48 മണിക്കൂറിന് മുമ്പ് സുവിധയിലൂടെ ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. അപേക്ഷ നല്കാന് suvidha.eci.gov. in വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്.സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്ലോഡ് ചെയ്യണം.
പൊതുയോഗങ്ങള്‍ നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ സ്വകാര്യഭൂമിയാണെങ്കില്‍ വസ്തു ഉടമയില്‍നിന്നുള്ള സമ്മതപത്രം ഹാജരാക്കണം.
പരിശീലനം ഇന്നു മുതല്‍
പത്തനംതിട്ട: പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള പരിശീലനം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. നാലുവരെ വിവിധ സെന്ററുകളിലാണ് പരിശീലനം നല്‍കുക. ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പരിശീലന ക്ലാസുകളിലാണ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ പരിശീലന ക്ലാസില്‍ നല്‍കും.
ക്ലാസിനെത്തുന്ന ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിങ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന് ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും കൊണ്ടുവരണം.
പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
പൊതുനിരത്തുകളില്‍ ചിഹ്നങ്ങള്‍ വരക്കുന്നത് ഒഴിവാക്കണം
പത്തനംതിട്ട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരത്തുകളില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ വരക്കുന്നത് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ഇവ നീക്കം ചെയ്തശേഷം ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തും. കൂടാതെ, പോസ്റ്ററുകള്‍, ബാനറുകള്‍, ലഘുലേഖകള്‍ എന്നിവയില്‍ പ്രസിദ്ധീകരിക്കുന്നവരുടെ പേരുവിവരങ്ങള്‍, കോപ്പികളുടെ എണ്ണം, അച്ചടിശാലയുടെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഇന്ന് മുതല്‍ നല്‍കാം
പത്തനംതിട്ട: പോളിങ് ഓഫിസര്‍മാര്‍ (രണ്ടും മൂന്നും) അപേക്ഷ ചൊവ്വാഴ്ച മുതല്‍ നാലുവരെ രാവിലെ അവര്‍ ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിശ്ചിത സ്ഥാപനങ്ങളിലെത്തി പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.
വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിങ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന് ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊണ്ടുവരണം. ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പോസ്റ്റിങ് ഓര്‍ഡറിനൊപ്പം അയച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃക പെരുമാറ്റച്ചട്ടം പാലിക്കണം
പത്തനംതിട്ട: മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ, ഷെയര്‍ ചെയ്യാനോ, ലൈക്ക് ചെയ്യാനോ പാടില്ല. നിര്‍ദേശം പാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.
മാതൃകപെരുമാറ്റച്ചട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിക്കാന്‍ പാടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ ഉദ്യോഗസ്ഥരോ പങ്കെടുക്കാന്‍ പാടില്ലെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.