അനക്കമില്ലാതെ അധികൃതർ; പുളിക്കൻപാറ പാലം അപകടഭീഷണിയിൽ
text_fieldsചുങ്കപ്പാറ: പത്തനംതിട്ട-കോട്ടയം ജില്ല അതിർത്തിയിൽ കോട്ടാങ്ങൽ-മണിമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലം അപകടഭീഷണിയിൽ. പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിയ നിലയിൽ.
ആലപ്രഭാഗത്തുനിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്ക് കൈവരിയുടെ തകർച്ചയും പാലത്തിന്റെ വീതിയും അറിയാൻ കഴിയാത്ത നിലയിൽ കൈവരികളിൽ കാടുമൂടിയിരിക്കുകയാണ്. പാലത്തിന്റെ മധ്യത്തിലുള്ള ഡിവൈഡറിലും കാടുവളർന്നു. ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ വീതിക്കുറവ് കാരണം വർഷങ്ങൾക്ക് മുമ്പ് പഴയ പാലം നിലനിർത്തി ഒരു വശത്ത് മറ്റൊരു പാലം നിർമിച്ച് വീതി വർധിപ്പിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ പഴയ പാലത്തിന്റെ കാലപ്പഴക്കം അപകട സാധ്യത വർധിച്ചിരിക്കുകയാണ്. പാലത്തിന്റെ കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് ഇളകി വീഴുകയാണ്.
കുത്തനെയുള്ള ഇറക്കവും കൊടുംവളവുമായതിനാൽ വാഹനങ്ങൾ പാലത്തിന് അടുത്ത് എത്തിയാൽ മാത്രമാണ് എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയുകയുള്ളു. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുമുണ്ട്. കൈവരിയില്ലാത്തതിനാൽ വാഹനങ്ങൾ കുഴിയിലേക്ക് പതിച്ച് ഉണ്ടായ അപകടങ്ങളും നിരവധിയാണ്.
മൂവാറ്റുപുഴ-പുനലൂർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെ വാഹനസഞ്ചാരവുമുണ്ട്. രണ്ട് ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ അധികൃതർ ഈ റോഡിനെ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെയും പാലത്തിന്റെയും ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.