പുളിക്കൻപാറ പാലം അപകടഭീഷണിയിൽ, അധികൃതർ അനങ്ങുന്നില്ല
text_fieldsമല്ലപ്പള്ളി: പത്തനംതിട്ട - കോട്ടയം ജില്ല അതിർത്തിയിൽ കോട്ടാങ്ങൽ - മണിമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ - പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലം അപകട ഭീഷണിയിൽ. പാലത്തിന്റെ ഒരുവശത്തെ കൈവരി ഇളകിയ നിലയിലാണ്.
ആലപ്ര ഭാഗത്തുനിന്ന് ഇറക്കമിറങ്ങിവരുന്ന വാഹനങ്ങൾക്ക് കൈവരിയുടെ തകർച്ചയും പാലത്തിന്റെ വീതിയും അറിയാനാവാത്ത നിലയിൽ കൈവരികളിൽ കാട് മൂടിക്കിടക്കുകയാണ്. പാലത്തിന്റെ ഡിവൈഡറിലും കാട് വളർന്നു.
ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ വീതിക്കുറവ് കാരണം വർഷങ്ങൾക്ക് മുമ്പ് പഴയപാലം നിലനിർത്തി ഒരുവശത്ത് മറ്റൊരു പാലം നിർമിച്ച് വീതി വർധിപ്പിക്കുകയായിരുന്നു. എന്നാൽ, പഴയപാലത്തിന്റെ കാലപ്പഴക്കം ഇപ്പോൾ അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്. മുകൾഭാഗത്തുനിന്നുള്ള വെള്ളമിറങ്ങി കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് ഇളകിവീഴുകയാണ്.
കുത്തനെയുള്ള ഇറക്കവും കൊടുംവളവുമായതിനാൽ വാഹനങ്ങൾ പാലത്തിന് അടുത്ത് എത്തിയാൽ മാത്രമേ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയൂ. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
മൂവാറ്റുപുഴ - പുനലൂർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെ ഇതുവഴി വാഹന സഞ്ചാരമുണ്ട്.
രണ്ട് ജില്ലകളുടെ അതിർത്തിപ്രദേശമായതിനാൽ അധികൃതർ ഈ റോഡിനെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. റോഡിന്റെയും പാലത്തിന്റെയും ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.