ജീവനെടുത്ത് മൈലപ്ര; അനങ്ങാപ്പാറയായി അധികൃതർ
text_fieldsപത്തനംതിട്ട: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ജീവൻ കവരുന്ന അപകട മേഖലായായി മൈലപ്ര മാറുന്നു. കുമ്പഴ-മൈലപ്ര-മണ്ണാറക്കുളഞ്ഞിക്ക് ഇടയിൽ ഒരു മാസത്തിനുള്ളിൽ മൂന്ന് മരണവും ഒട്ടനവധി അപകടങ്ങളിൽ നിരവധിപേർക്കും പരിക്കേറ്റു. റോഡില്‍ വേഗനിയന്ത്രണ സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഇല്ലാത്തതാണ് അപകടങ്ങൾ വര്‍ധിക്കുന്നതിന് കാരണമാകുന്നത്.
മൈലപ്ര മേഖലയിൽ ആറ് സ്കൂളും രണ്ടു ചന്തകളും പഞ്ചായത്ത്- വില്ലേജ് ഓഫിസും വ്യാപാര സ്ഥാപനങ്ങളും കൂടാതെ കൃഷി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. ആരാധനലായങ്ങളും സ്ഥിതി ചെയ്യുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി ഇടറോഡുകളും സംഗമിക്കുന്ന മൈലപ്രയിൽ ദിവസം നൂറുകണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് ആളുകളുമാണ് കടന്നുപോകുന്നത്.
കിഴക്കൻ മേഖലയിലേക്കുള്ള പ്രവേശന കവാടം കൂടിയാണിവിടം. ശബരിമലക്ക് പോകാനുള്ള ഭക്തരാണ് ഈ റോഡ് കൂടുതൽ ആശ്രയിക്കുന്നത്. വാഹനങ്ങളിൽ കൂടാതെ കാൽനടയായും അയ്യപ്പ ഭക്തർ കടന്നുപോകുന്ന പ്രധാന പാതയും ഇതാണ്. റോഡ് പുനർനിർമിച്ച ഈ പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗവും വളവുകളും വാഹനാപകടങ്ങൾക്ക് മറ്റൊരു കാരണമാകുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന അപകടമരണങ്ങൾക്കും കാരണം വാഹനങ്ങളുടെ നിയന്ത്രണാതീത വേഗമാണെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച വൈകീട്ട് 6.45 പള്ളിപ്പടിയിൽ സ്കൂട്ടർ യാത്രികനായ അംബി (55) തൽക്ഷണം മരിച്ചിരുന്നു.
പമ്പയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് വന്ന കെ.എസ്.ആര്.ടി.സി ബസാണ് ഇടിച്ചത്. സ്വര്‍ണപ്പണിക്കാരനായ ഇദ്ദേഹം വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.
വടശ്ശേരിക്കര ബംഗ്ലാകടവ് സ്വദേശിയായ സി.എസ്. അരുണ്‍കുമാർ (40) മരിച്ചതും വാഹനങ്ങളുടെ അമിത വേഗമാണ്. പത്തനംതിട്ടയില്‍നിന്ന് മൈലപ്രയിലേക്ക് പോകുകയായിരുന്നു അരുൺ സഞ്ചരിച്ച സ്കൂട്ടറിലാണ് കാറുകൾ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അരുണ്‍കുമാര്‍ താഴ്ചയിലേക്ക് തെറിച്ചു വീണു. പിന്നാലെ ഇന്നോവയും താഴ്ചയിലേക്ക് മറിഞ്ഞു. അരുണ്‍ തല്‍ക്ഷണം മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനാല്ല. നവംബർ ഒമ്പതിന് കുമ്പഴ വടക്ക് ശാലേം മാര്ത്തോമപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ചുമട്ടുതൊഴിലാളി പത്തനംതിട്ട വഞ്ചിപ്പൊയ്ക സ്വദേശി പ്രസന്നനും(54) മരണപ്പെട്ടു.
തുടർച്ചയായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാർ സംവിധാനം ഇടപെടാൻ മടിച്ചു നിൽക്കുകയാണ്. അപകട മേഖലായി പ്രഖ്യാപിച്ച് വാഹനങ്ങളുടെ വേഗം കുറച്ചു പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഈ വിഷയം ഉന്നയിച്ച് ഗതാഗത വകുപ്പു മന്ത്രിക്കും കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.