പുനലൂർ-മൂവാറ്റുപുഴ പാത നിർമാണത്തിലെ അപാകത പരിഹരിക്കാൻ നടപടിയില്ല
text_fieldsപത്തനംതിട്ട: സംസ്ഥാന പാതയായ പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ പ്ലാച്ചേരി മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന അപാകതകൾ അവഗണിച്ചു. റോഡിന്റ പലഭാഗങ്ങളിലും നിർമാണം അശാസ്ത്രീയമാണെന്ന് വിദഗ്ധർ അടക്കം അഭിപ്രായപ്പെട്ടിരുന്നെങ്കിലും കെ.എസ്.ടി.പി ഉദ്യോഗസ്ഥരടക്കം ഇത് അവഗണിച്ചു. ജനപ്രതിനിധികൾ വിഷയം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പരിശോധനകൾ നടത്തി നടപടി ഉണ്ടാകാൻ പൊതുമരാമത്ത് വകുപ്പിൽനിന്നു ലഭിച്ച നിർദേശങ്ങൾക്കും പുല്ലുവില.
പ്ലാച്ചേരി മുതൽ കോന്നി വരെയും കോന്നി മുതൽ പുനലൂർ വരെയും രണ്ട് റീച്ചുകളിലായാണ് പണികൾ നടന്നത്. എന്നാൽ, പണികൾ പൂർത്തീകരിച്ച് കെ.എസ്.ടി.പിക്കു കരാറുകാർ റോഡ് കൈമാറിയിട്ടില്ല. തർക്കങ്ങളും പ്രശ്നങ്ങളും കിടക്കുന്നതു കാരണമാണ് നിർമാണം പൂർത്തീകരിക്കാനാകാത്തത്. സ്ഥലമേറ്റെടുപ്പ് മുതലുള്ള നടപടികൾ പലയിടത്തും ഉണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഇക്കൂട്ടത്തിൽ വരുമെന്നതിനാലാണ് കരാർ കാലാവധി പൂർണമായി അവസാനിച്ചാലും റോഡ് കൈമാറാനാകുമോയെന്നതിൽ തർക്കമുണ്ട്.
പി.എം റോഡ് നവീകരിച്ചതിനു പിന്നാലെ വാഹനത്തിരക്കും ഏറി. ദീർഘദൂര ബസുകളടക്കം കെ.എസ്.ആർ.ടി.സി ആരംഭിച്ചു. എറണാകുളം-തിരുവനന്തപുരം പാതക്കും ഹൈറേഞ്ചിലും ഈ പാത ഉപയോഗിക്കുന്നവർ നിരവധിയാണ്. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ചു മുൻ പരിചയമില്ലാത്തവരാണ് ഏറെയും വരുന്നത്. ഇതോടൊപ്പം ശബരിമല തീർഥാടകരുടെ വാഹനം കൂടിയാകുമ്പോൾ തിരക്ക് വർധിക്കുകയാണ്.
വളവുകൾ നിവർന്നില്ല
വളവുകൾ ഏറെയുള്ള സംസ്ഥാനപാത പരമാവധി നേരെ ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനർനിർമാണം ഏറ്റെടുത്തത്. കോടികണക്കിനു രൂപ ചെലവഴിച്ചിട്ടും പലയിടത്തും വളവുകൾ നിവർന്നില്ല. ഇതോടെ പാത അപകടം നിറഞ്ഞതായി മാറി. പ്രതിദിന അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. റോഡ് സുരക്ഷ പദ്ധതികൾ പലയിടത്തും നടപ്പാക്കാനായിട്ടില്ല. വളവുകൾ നിവർത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇതിനു പ്രധാന തടസ്സമായത്. നിലവിലുള്ള പാതയിൽ വീതി കൂട്ടി നിർമിക്കുക മാത്രമേ പിന്നീട് മാർഗമുണ്ടായിരുന്നുള്ളൂ. പ്ലാച്ചേരി മുതൽ റാന്നിവരെയുള്ള ഭാഗത്ത് മന്ദമരുതി, ചെല്ലയ്ക്കാട്, ചെത്തോങ്കര ഭാഗത്ത് അപകടങ്ങൾ വർധിച്ചിരിക്കുകയാണ്. മന്ദമരുതിയിൽ റോഡ് നിർമാണത്തിൽ അപാകമുണ്ടെന്ന പരാതി നിലനിൽക്കുന്നു.
പി.എം റോഡിൽ മുമ്പും ഏറ്റവുമധികം അപകടങ്ങളും യാത്രാ പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്ന മൈലപ്ര-മണ്ണാറക്കുളഞ്ഞി ഭാഗത്തെ വളവുകൾ പുനർനിർമാണശേഷവും നേരെയായില്ല. മൂന്ന് പ്രധാന വളവുകളാണ് ഈ ഭാഗത്തുള്ളത്. വളവുകളിൽ അപകടം പതിയിരിക്കുകയാണ്. രണ്ടാം കലുങ്ക് വളവാണ് ഇതിൽ ഏറ്റവുമധികം അപകടങ്ങൾക്കു കാരണമാകുന്നത്.
രണ്ടാംകലുങ്കിൽ ഒരുഭാഗത്ത് കൊക്കയാണ്. പാലം നിർമിച്ച് റോഡ് നേരെയാക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ, അത് ഉപേക്ഷിച്ചു കലുങ്ക് വീതി കൂട്ടുകയായിരുന്നു. ഇതോടെ റോഡിന്റെ വളവ് അതേപടി നിലനിന്നു. എതിർദിശയിൽ വരുന്ന വാഹനം കാണാനാകുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. മൈലപ്രക്കും മണ്ണാറക്കുളഞ്ഞിക്കും മധ്യേയാണ് റോഡ് പുനർനിർമാണത്തിനുശേഷം അപകടങ്ങൾ ഏറെ ഉണ്ടായത്. റോഡിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും തന്നെയില്ല. ഇതിനൊപ്പം പണി പൂർത്തിയാകാതെ കിടക്കുന്ന ഭാഗങ്ങളുമുണ്ട്. റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണംപോലും രണ്ടാം കലുങ്ക് ഭാഗത്ത് പൂർത്തീകരിച്ചിട്ടില്ല.
മൈലപ്ര ആദ്യവളവും നിവർന്നില്ലെന്നു മാത്രമല്ല, നിർമാണവും നടത്തിയില്ല. സമീപ വസ്തു ഉടമയുമായുള്ള തർക്കമാണ് പ്രധാന കാരണം. മൈലപ്ര പഞ്ചായത്ത് പടിയിലും ജംഗ്ഷൻ കഴിഞ്ഞുള്ള ഭാഗത്തും തർക്കത്തിൽപെട്ട സ്ഥലങ്ങളുണ്ട്.
കലുങ്ക് നിർമാണം പോലും നടത്താതെ റോഡിനോടു ചേർന്ന അപകടക്കുഴിയും ഈ ഭാഗത്തുണ്ട്. ഒന്നര വർഷം മുമ്പ് ഒരു വൈദികൻ ഈ കുഴിയിൽ വീണു മരണപ്പെട്ടു. കോന്നിയിലേക്കുള്ള ഭാഗത്തും സമാനമായ സാഹചര്യങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.