വടക്കുപുറം കരിംകുറ്റിയിൽ ക്വാറി; പ്രതിഷേധവുമായി ജനകീയ സമിതി
text_fieldsമലയാലപ്പുഴ: വടക്കുപുറം കരിംകുറ്റിയിൽ ക്വാറിയും ക്രഷർ യൂനിറ്റും ആരംഭിക്കാനുള്ള നീക്കത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ ക്രഷർ, ക്വാറി വിരുദ്ധ ജനകീയ സമിതിക്ക് രൂപം നൽകി. വടക്കുപുറം മാർത്തോമ പള്ളി അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം എലിസബത്ത് രാജു അധ്യക്ഷത വഹിച്ചു. അനു തോമസ്, ഫാ. റിജോ യോഹന്നാൻ, സാമുവൽ കിഴക്കുപുറം, രാഹുൽ വെട്ടൂർ, പ്രീജ പി. നായർ, യോഹന്നാൻ ശങ്കരത്തിൽ, വി.കെ. പുരുഷോത്തമൻ, സോബി ജോൺ, ജയിംസ് പരുത്തിയാനി, മോനി കടമ്പാട്ട്, അനിയൻ കയ്യാലക്കൽ, ജോണിക്കുട്ടി, ഉല്ലാസ്, ബാബു കടമ്പാട്ട് എന്നിവർ സംസാരിച്ചു.
ക്രഷറർ, ക്വാറി യൂനിറ്റിന്റെ പ്രവർത്തനം പഞ്ചായത്തിന്റെ പകുതിയോളം വാർഡുകളിലെ ആയിരക്കണക്കിന് ആളുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. സമീപത്തുകൂടി ഒഴുകുന്ന മലയാലപ്പുഴ വടക്കുപുറം വെട്ടൂർ തോട് മലിനമായി അച്ചൻകോവിൽ ആറ്റിലെ കുടിവെള്ള സ്രോതസ്സുകളെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ക്വാറിയും ക്രഷർ യൂനിറ്റും പ്രവർത്തനം ആരംഭിക്കുന്നതിനായി മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അനുമതിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്ന് ജനകീയ സമിതി വ്യക്തമാക്കി. എന്നാൽ, മറ്റ് സർക്കാർ അനുമതികൾ ക്വാറി മാഫിയക്ക് ലഭിച്ചതായും ഇതു സംബന്ധിച്ച് ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
സമരത്തിന് തുടക്കം കുറിച്ച് ശനിയാഴ്ച വൈകീട്ട് നാലിന് വടക്കുപുറം ശങ്കരത്തിൽ ജങ്ഷനിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.