അതീവ പരിസ്ഥിതിലോല മേഖലയായ നരിപ്പാറ മലയില്‍ ക്വാറി
text_fieldsപത്തനംതിട്ട: യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽപെട്ടതും അതീവ പരിസ്ഥിതി ലോലവുമായ പശ്ചിമഘട്ട മേഖലയില്‍ വന്‍തോതില്‍ പാറഖനനം.
ജലവൈദ്യുതി പദ്ധതി അണക്കെട്ടുകൾക്ക് സമീപം നടക്കുന്ന വൻ സ്ഫോടനങ്ങൾ തടയണമെന്ന് നാട്ടുകാരും പശ്ചിമഘട്ട സംരക്ഷണ സമിതിയും ആവശ്യപ്പെടുമ്പോൾ പാറ ഖനനം നിയമാനുസൃതമാണെന്നാണ് ക്വാറി നടത്തിപ്പുകാരുടെ വാദം. ഇതുസംബന്ധിച്ച് ലഭിക്കുന്ന പരാതികളോട് റവന്യൂ, വനം, ദുരന്തനിവാരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നിസ്സംഗത പുലർത്തുകയാണ്.ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ അതീവ സംരക്ഷിത പ്രദേശമായി കണ്ടെത്തിയ പെരുനാട് പഞ്ചായത്തില്‍ ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന നരിപ്പാറ മലയാണ് പൊട്ടിച്ച് നിരപ്പാക്കുന്നത്.
ഏറ്റവും അടുത്തുള്ള രണ്ട് അണക്കെട്ടുകള്‍ക്കും ജലസംഭരണിക്കും ഭീഷണി ഉയര്‍ത്തുംവിധം തുടർച്ചയായ സ്ഫോടനങ്ങളും ഖനനവും നടന്നിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.കുത്തനെയുള്ള ഭൂമിയിലെ 7.41 ഏക്കറാണ് ക്വാറി മാഫിയ കൈയേറിയിരിക്കുന്നത്. വിഷയത്തിൽ റവന്യൂ, വനം വകുപ്പുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്നൊഴിയുകയാണ്. അതേസമയം, ഖനനം ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കുന്ന നരിപ്പാറ മലയില്‍ 2021ല്‍ ഉരുള്‍ പൊട്ടി നാശം സംഭവിച്ചിരുന്നു.സ്വകാര്യ വൈദ്യുതി പദ്ധതികളായ കാരിക്കയം അണക്കെട്ടിൽനിന്ന് 300 മീറ്ററും അള്ളുങ്കൽ അണക്കെട്ടിൽനിന്ന് ഒരു കിലോമീറ്ററും മാത്രമാണ് പാറ ഖനനം നടക്കുന്ന നരിപ്പാറ മലയിലേക്കുള്ളത്. മണിയാർ ജലസംഭരണിയും തൊട്ടടുത്താണ്.
അള്ളുങ്കല്‍, മണിയാര്‍ തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നുവിടുമ്പോള്‍ കക്കാട്ടാറിനും പമ്പാ നദിക്കും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് നല്കുന്ന ജില്ല ദുരന്തനിവാരണ വകുപ്പാകട്ടെ, ഈ ഗുരുതര വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ്. അണക്കെട്ടിന് തൊട്ടടുത്ത് നടത്തുന്ന ഉഗ്ര സ്ഫോടനങ്ങളെപ്പറ്റി ഒരു മുന്നറിയിപ്പും നല്‍കുന്നില്ല. പാറ ഖനനം നടത്തുന്ന സ്ഥലത്തേക്ക് വഴിവെട്ടിയതും അനധികൃതമായാണ്. 1.2 കി.മീ. ദൂരത്തിൽ 10 മീ. വീതിയിൽ പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ്‍ എസ്റ്റേറ്റിലൂടെയാണ് വഴിവെട്ടിയിട്ടുള്ളത്. ഇവിടെ ഗേറ്റ് സ്ഥാപിച്ച് സുരക്ഷ ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. ഇതുവഴിയാണ് വൻ ടോറസുകൾ പാറകളുമായി കടന്നുപോകുന്നത്. മുമ്പ് നിബിഡ വനമായിരുന്നു ഇവിടം. ഇപ്പോൾ റവന്യൂ രേഖകളിൽ തരിശുഭൂമിയാണ്.
ക്വാറി പ്രവർത്തിക്കുന്നതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ വനപ്രദേശമാണ്. ളാഹ കൂനംകര, കണ്ണന്നുമൺ, അരിക്കാകാവ് വനങ്ങളാണ് അതിരു പങ്കിടുന്നത്. ചരിഞ്ഞതും ഉയർന്നതും മണ്ണൊലിപ്പുള്ളതുമായ ഉരുൾപൊട്ടൽ പ്രദേശമായ ഇവിടെ മേഘവിസ്ഫോടനത്തിനും മലയിടിച്ചിലിനും ഭൂചലനത്തിനും സാധ്യതയുണ്ട്. തുടർച്ചയായി വൻ മഴയിൽ അപകടം പതിയിരിക്കുന്ന നരിപ്പാറ മലയിൽ ക്വാറി പ്രവർത്തനം നിരോധിക്കാനും ജില്ല ഭരണകൂടം തയാറായിട്ടില്ല.
ശബരിമലയിലേക്കുള്ള പാതയില്‍ ളാഹയില്‍നിന്ന് നോക്കിയാല്‍ നരിപ്പാറ മല പൊട്ടിച്ചടുക്കുന്നത് അടുത്തുകാണാം. ശബരിമല മണ്ഡല-മകര വിളക്ക് കാലത്തും മാസപൂജ സമയത്തും പൊലീസിലെയും റവന്യൂ-വനം വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. നരിപ്പാറ മലയിലെ ഖനനം ഇവര്‍ കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ്.
അതീവ ജൈവവൈവിധ്യ മേഖലയായി കണക്കാക്കി യുനെസ്കോ ലോകപൈതൃക സങ്കേതമായി അംഗീകരിച്ചിട്ടുള്ള പശ്ചിമഘട്ടത്തിൽ ഒരു ഖനന പ്രവര്‍ത്തനങ്ങളും നടത്താന്‍ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെയാണ് ഉദ്യോഗസ്ഥ-രാഷ്്ട്രീയ പിന്തുണയോടെ ഖനനം നടക്കുന്നത്.യുനെസ്കോ പൈതൃകപട്ടികയിൽപെട്ടതോടെ അന്താരാഷ്ട്ര നിയമങ്ങളും ഇവിടെ ബാധകമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ മറവില്‍ പാറഖനനം അനിയന്ത്രിതമായി തുടരുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.