റെയിൽവേ സ്റ്റേഷൻ വികസനം മാർച്ചിന് മുമ്പ് പൂർത്തീകരിക്കും -ഡിവിഷനൽ മാനേജർ
text_fieldsതിരുവല്ല: റെയിൽവെ സ്റ്റേഷനിൽ നടന്നുവരുന്ന വികസന പ്രവൃത്തികൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ സചീന്ദർ മോഹൻ ശർമ പറഞ്ഞു. ആന്റോ ആന്റണി എം.പിയോടൊപ്പം തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു. കേന്ദ്ര സർക്കാറിന്റെ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പണികളാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്നത്.
രണ്ട് പ്ലാറ്റ്ഫോമുകളുടെയും മേൽക്കൂര, ശൗചാലയം, ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള എസ്കലേറ്റർ, അത്യാധുനിക സംവിധാനമുള്ള രണ്ട് വിശ്രമ മുറികൾ, ബസുകൾക്ക് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി പോകാനുള്ള ബസ് ബേ സംവിധാനം എന്നിവ പൂർത്തിയാക്കും. റോഡ് വീതി കൂട്ടാനുള്ള പദ്ധതി പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, മുനിസിപ്പൽ കൗൺസിലൻമാരായ മാത്യൂസ് ചാലക്കുഴി, സജി എം. മാത്യു, ജേക്കബ് ജോർജ് മനയ്ക്കൽ, നഗരസഭ മുൻ ചെയർമാൻ ആർ. ജയകുമാർ, ബിജു ലങ്കാഗിരി, ജോർജ് മാത്യു, വി.ആർ. രാജേഷ്, രാജേഷ് മലിയിൽ, ഇ.എ. ഏലിയാസ്, ഗിരീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.