കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ അവഗണനയുടെ ചൂളംവിളി
text_fieldsഅടൂർ: മലയോര ജില്ലയുടെ തെക്ക്-കിഴക്കൻ പ്രദേശവാസികൾക്കും ശബരിമല തീർഥാടകർക്കും ആശ്രയമായ കൊല്ലം-ചെങ്കോട്ട റെയിൽപാത കടുത്ത അവഗണനയിൽ. ജില്ല അതിർത്തിയായ കൊല്ലം ജില്ലയിലെ റെയിൽവേ സ്റ്റേഷനായ ആവണീശ്വരവും അവഗണനയിലാണ്. ജില്ല അതിർത്തിയായ കലഞ്ഞൂരിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ആവണീശ്വരം. പഴയ കോച്ചുകളുള്ള വിരലിലെണ്ണാവുന്ന ട്രെയിനുകളാണ് ഇതുവഴി കടന്നുപോകുന്നത്.
പാത മീറ്റർഗേജായിരുന്നപ്പോൾ ഉണ്ടായിരുന്ന ട്രെയിനുകൾപോലും ഇപ്പോഴില്ല. അന്ന് 14 ട്രെയിനുകൾ ഇരുവശത്തേക്കും ഓടിയിരുന്നു. ഇതിൽ നാഗൂർ, കോയമ്പത്തൂർ ട്രെയിനുകൾ ഇപ്പോഴില്ല. തമിഴ്നാട്ടിൽനിന്ന് ചെങ്കോട്ട-കൊല്ലം റെയിൽപാതയിലൂടെ തീർഥാടകർക്ക് എളുപ്പം ശബരിമലയിലെത്തി ദർശനം കഴിഞ്ഞ് മടങ്ങാം എന്നിരിക്കെ കഴിഞ്ഞ മണ്ഡല-മകരവിളക്കു കാലത്ത് ഒരു ട്രെയിൻ മാത്രമാണ് പ്രത്യേകം അനുവദിച്ചത്.
പശ്ചിമഘട്ടം വഴി കടന്നുപോകുന്ന പാലരുവി എക്സ്പ്രസിലും കൊല്ലം-ചെന്നൈ എഗ്മോർ എക്സ്പ്രസിലും പുനലൂരിൽനിന്ന് കൊല്ലം വഴി കടന്നുപോകുന്ന മധുര, ഗുരുവായൂർ, കന്യാകുമാരി എന്നീ ട്രെയിനുകളിലും പഴയ കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒരു മെമു ട്രെയിൻ മാത്രമാണ് പുതുതായുള്ളത്. കഴിഞ്ഞ ജൂൺ നാലിന് കൊല്ലം-ചെന്നൈ എഗ്മോർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് ഓട്ടത്തിനിടെ വിള്ളൽ രൂപപ്പെട്ടത് ആശങ്ക പടർത്തിയിരുന്നു.
ട്രെയിൻ ഓടുന്ന സമയത്ത് കോച്ചിന്റെ അടിഭാഗത്തെ ഷാസിയിൽ രൂപപ്പെട്ട വിള്ളൽ കണ്ടെത്താതിരുന്നെങ്കിൽ അത് വൻ അപകടത്തിനു വഴിവെക്കുമായിരുന്നു. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്) നിർമിച്ച 20 വർഷം പഴക്കമുള്ള കോച്ചാണിത്. 30- 100 കിലോമീറ്റർ വേഗത്തിലാണ് ഈ എക്സ്പ്രസ് ട്രെയിൻ സഞ്ചരിക്കുന്നത്.
തിരുനെൽവേലിയിൽനിന്ന് പാലക്കാട്ടേക്കും തിരിച്ച് തിരുനെൽവേലിയിലേക്കും ഇതുവഴി അർധരാത്രി കടന്നു പോകുന്ന പാലരുവി എക്സ്പ്രസിന് ലോക്ഡൗണിനു മുമ്പുണ്ടായിരുന്ന സ്റ്റോപ് പുനഃസ്ഥാപിച്ചില്ല. പത്തനംതിട്ട ജില്ലക്കാർക്ക് ഇരട്ടി ദൂരവും സമയവും ചെലവഴിച്ച് ട്രെയിനിൽ പുനലൂരിലോ കൊട്ടാരക്കരയിലോ ഇറങ്ങിയാലേ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയൂ. രാത്രിയായതിനാൽ തുടർയാത്രക്ക് ബസ് ലഭിക്കുകയുമില്ല. ട്രെയിനിന് സ്റ്റോപ് അനുവദിക്കുന്നത് സംബന്ധിച്ച് നിരവധി തവണ റെയിൽവേ അധികൃതരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു.
അടിസ്ഥാന സൗകര്യമില്ലാതെ ആവണീശ്വരം
ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. കുടിവെള്ളം കിട്ടാക്കനിയാണ്. പുതുതായി പണിത ശുചിമുറി ബ്ലോക്ക് രണ്ടുവർഷമായിട്ടും തുറന്നുകൊടുത്തിട്ടില്ല.പഴയ ശുചിമുറിയിൽ വെള്ളം വൃത്തിഹീനവുമാണ്. ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് യാത്രക്കാരുടെ സൗകര്യത്തിനായി നിർമിച്ച മേൽപാലത്തിന്റെ മേയ് 17ന് നിശ്ചയിച്ച ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ തർക്കത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.
ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂർ, തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, കൊടുമൺ പഞ്ചായത്ത് വാസികൾക്ക് ഏറെ പ്രയോജനകരമാണ് ഈ സ്റ്റേഷൻ. കൊല്ലം-ചെങ്കോട്ട റെയിൽപാത വഴി തെങ്കാശ്ശി, തിരുനെൽവേലി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്.എന്നാൽ, പുനലൂരിൽനിന്ന് ചെങ്കോട്ട വഴി പുതിയ ട്രെയിനുകൾ തുടങ്ങാൻ ദക്ഷിണ റെയിൽവേ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.