കമ്പിയിൽ വെള്ളം വീണാൽ അന്ന് കറന്റ് കട്ട്!
text_fieldsചുങ്കപ്പാറ: മഴവെള്ളം കമ്പിയിൽ വീണാൽ വൈദ്യുതി മുടങ്ങും. വർഷങ്ങളായി ഇത് നിത്യസംഭവമായിട്ടും പരിഹരിക്കാൻ നടപടിയില്ല. ചുങ്കപ്പാറ ബസ് സ്റ്റാൻഡ് കടമ്പാട്ട് പടിറോഡിലെ 15 ഓളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് റബർ തോട്ടങ്ങൾക്ക് ഇടയിലൂടെ വലിച്ച വൈദ്യുതി ലൈൻ ആണ് ഇപ്പോഴും ഇതുവഴി കടന്നുപോകുന്നത്. വെള്ളം കമ്പിയിൽ വീണാൽ പ്രദേശം ഇരുട്ടിലാകുന്ന അവസ്ഥ. മരച്ചില്ലകൾ കമ്പികളിൽ ഉരസുന്നതിനാൽ വോൾട്ടേജും ഉണ്ടാകാറില്ല. ഇതിന് പരിഹാരം കാണാൻ റബർ തോട്ടത്തിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റിസ്ഥാപിക്കാൻ കയറിയിറങ്ങാത്ത സ്ഥലങ്ങളുമില്ല. ഒടുവിൽ തീരുമാനമായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിലും കരുതലും കൈതാങ്ങും അദാലത്തിലും പരാതി നൽകിയതിനെ തുടർന്ന് ആവശ്യമായ നടപടി സ്വീകരിച്ച് പരിഹാരം കണണമെന്ന് ബന്ധപ്പെട്ട അധികൃതരോട് മന്ത്രിമാർ നിർദേശവും നൽകിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വികരിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ ചുങ്കപ്പാറ ബസ് സ്റ്റാന്റിൽ നിന്ന് കടമ്പാട്ട്പടി റോഡിൽ ബസ് സ്റ്റാന്റിന്റെ വലതുഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന എൽ.റ്റി പോസ്റ്റിൽനിന്ന് 350 മീറ്റർ എൽ.റ്റി എ.ബി.സി കേബിൾ വലിച്ച് വൈദ്യുതി നൽകാവുന്നതാണന്നും അതിന് ഡിപ്പോസിറ്റ് വർക്ക് ഇനത്തിൽ കെ.എസ്.ഇ.ബിക്ക് 366378 രൂപ അടക്കുന്ന മുറക്ക് തുടർ നടപടികൾ സ്വികരിക്കുന്നതാണെന്നുമാണ് കെ.എസ്.ഇ.ബി അധികൃതർ ഇപ്പോൾ പറയുന്നത്. റബർ തോട്ടങ്ങൾക്ക് ഇടയിലൂടെ സ്ഥാപിച്ച വൈദ്യുതി ലൈൻമാറ്റി ചുങ്കപ്പാറ ബസ്റ്റാൻഡിൽ പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറിൽനിന്ന് റോഡിലൂടെ കടമ്പാട്ട് പടിയിലേക്ക് ലൈൻ വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അദാലത്തിൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്ന് ഉറപ്പ് നൽകിയവർ ഇപ്പോൾ ആവശ്യമില്ലാത്ത കാരണങ്ങൾ നിരത്തി നടപ്പാക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.