തുലാവർഷം കനക്കുമ്പോൾ പാടങ്ങളിൽ നിറയുന്നത്; കർഷകക്കണ്ണീർ
text_fieldsതിരുവല്ല: ജില്ലയുടെ നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ നെൽകർഷകർ കൃഷിയിറക്കാനാകാതെ ആശങ്കയിൽ. കൃഷിക്ക് അനുയോജ്യമായി പാടശേഖരങ്ങൾ ഒരുക്കിയതോടെ തുലാവർഷം കനത്തതാണ് തിരിച്ചടിയായത്. വെള്ളപ്പൊക്കം രൂപപ്പെടുകയും പാടശേഖരങ്ങളൊക്കെ പോളയും കുളവാഴകളും പായലും നിറഞ്ഞതുമാണ് കർഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ വിളവെടുപ്പിനുശേഷം നെല്ല് സർക്കാർ സംഭരിച്ചെങ്കിലും ഇതുവരെ നെല്ലിന്റെ വില മിക്ക കർഷകർക്കും നൽകിയിട്ടില്ല. അടുത്ത കൃഷിക്ക് പാടശേഖരങ്ങൾ ഒരുക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും മറ്റും കടമെടുത്ത് നടപടിയെടുത്തെങ്കിലും എല്ലാം പാഴായി. പാടശേഖരങ്ങൾ ഒരുക്കാൻ വീണ്ടും പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ. പ്രകൃതി അനുകൂലമായാൽ കുറഞ്ഞത് 30 ദിവസമെങ്കിലും വേണ്ടിവരും പാടശേഖരങ്ങൾ ഒരുക്കാൻ. ഇതിനപ്പുറത്തേക്ക് പോയാൽ കൃഷിയിറക്കും അതോടെ വിളവെടുപ്പും വൈകും.
അപ്പോഴേക്കും സംഭവിക്കാവുന്ന ഇടവപ്പാതി കാലാവസ്ഥ കൃഷി നാശത്തിന് ഇടയാക്കുമെന്നും കർഷകർ ഭയപ്പെടുന്നു.ഇതിനു പുറമെ ഇനി സഹകരണ സംഘങ്ങൾ മുഖേന നെല്ല് സംഭരിക്കാനുള്ള സർക്കാർ നീക്കവും കർഷകരെ വ്യാകുലപ്പെടുത്തുന്നു. കഴിഞ്ഞ വിളവെടുപ്പിലെ നെല്ല് സപ്ലൈകോ സംഭരിച്ചെങ്കിലും നെല്ലിന്റെ വില ലഭിക്കാൻ വേണ്ടി കർഷകർ അനുഭവപ്പെടുന്ന പ്രയാസങ്ങൾ നിലനിൽക്കെയാണ് ഇനി സഹകരണ സംഘങ്ങളെയും കേരള ബാങ്കിനെയും കർഷകർ ഭീതിയോടെ ഉറ്റുനോക്കുന്നത്. മുമ്പ് കൃഷിക്കുവേണ്ടി നിലം ഒരുക്കാൻ ധനസഹായം നൽകിയിരുന്നെങ്കിലും ഇന്ന് ഈ സഹായം ഇല്ലാതെ വന്നതോടെ ഇന്നത്തെ അവസ്ഥയിൽ ഏറെ ബുദ്ധിമുട്ടുകയാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.