ആറുസെന്റിന് പട്ടയം ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ രമണി
text_fieldsപത്തനംതിട്ട: റവന്യൂ മന്ത്രി കെ. രാജനില്‍നിന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണുനിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ആഹ്ലാദത്തിന് അതിരില്ലായിരുന്നെന്ന് തുറന്നുപറഞ്ഞു.
കുമ്പഴ കെ.എസ്.ഇ.ബിയില്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് പി.ആര്. വാസുദേവന്‍ 16വര്‍ഷം മുമ്പ് മരിച്ചു. പെന്‍ഷനായി ഒരുമാസത്തിനകമായിരുന്നു മരണം. ഒരു സെന്റ് ഭൂമി സ്വന്തമായിട്ട് ഇല്ലാതെയാണ് തന്റെ ഭര്‍ത്താവ് ഈ ലോകത്തുനിന്ന് പോയത്. തനിക്കും ഈ അവസ്ഥ വരുമോ സങ്കടത്തിലായിരുന്ന രമണിക്ക് ആശ്വാസമായിരിക്കുകയാണ് ആറുസെന്റ് ഭൂമിക്ക് ലഭിച്ച പട്ടയം.
സന്തോഷത്തിൽ കവിത ഭവനും
കവിത ഭവനില്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. കോന്നി താലൂക്കിലെ കലഞ്ഞൂര്‍ വില്ലേജിലെ കവിത ഭവനില്‍ ഉത്തമനും കമലമ്മക്കും 33 സെന്റ് വസ്തുവിന് പട്ടയം ലഭ്യമായി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുകാല് മുറിച്ചുമാറ്റിയ ഉത്തമന് അര്‍ഹതപ്പെട്ട പട്ടയം ലഭിക്കുമോ എന്ന് പലപ്പോഴും ആശങ്കയുണ്ടായിരുന്നു. എന്നാൽ, തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണ് അന്യാധീനപ്പെട്ട് പോകില്ല എന്ന് ഉത്തമനും കുടുംബത്തിനും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഉത്തമന്റെയും കമലമ്മയുടെയും കാത്തിരിപ്പിന് ശുഭകരമായ ഫലമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.
ജില്ലയിലെ വനഭൂമി പ്രശ്നം ഉന്നതതല യോഗം ചേരും -മന്ത്രി കെ.രാജന്
പത്തനംതിട്ടജില്ലയിലെ വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. മന്ത്രിസഭ വാര്‍ഷികത്തിന്റെയും രണ്ടാമത് നൂറുദിന കര്‍മപരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനഭൂമിയുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട.
അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലയിലെ എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി മന്ത്രി വീണ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരിക്കും ഉന്നതതലയോഗം ചേരുക. അര്‍ഹതയുള്ളവരെ ഭൂമിയുടെ ഉടമകളാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനോപ്പം അനര്‍ഹമായി ഭൂമി കൈവശംവെച്ചിരിക്കുന്നവരില്‍നിന്ന് അത് തിരിച്ചുപിടിക്കാനുള്ള നടപടിയും സ്വീകരിക്കും. കൂടാതെ, റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുമെന്നും ഒരുവര്‍ഷത്തിനുള്ളില്‍ ജില്ലയെ ഇ-ജില്ലയാക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ സേവനങ്ങളും ജനസൗഹൃദമാക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ് നിര്‍മിച്ച് നല്‍കിയിട്ടുള്ള ആറ് വീടുകളുടെ താക്കോല്‍ദാനം നടത്തി. റാന്നി താലൂക്കില്‍ 82 എല്‍.എ പട്ടയങ്ങളും ഒമ്പത് എല്‍.ടി പട്ടയങ്ങളും ഉള്‍പ്പെടെ 91 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന്, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രാജു നെടുവംപുറം, ജനതാദള്‍ എസ് ജില്ല പ്രസിഡന്റ് അലക്സ് കണ്ണമ്മല, എന്‍.സി.പി ജില്ല പ്രസിഡന്റ് എം. മുഹമ്മദ് സാലി, കേരള കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ബി.ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ല പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, എ.ഡി.എം അലക്സ് പി. തോമസ് എന്നിവര്‍ പങ്കെടുത്തു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പട്ടയമേളയിലേക്ക് മാർച്ചുമായി പൊന്തൻപുഴ സമരസമിതി
പട്ടയമേള നടന്ന പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിലേക്ക് പൊന്തൻപുഴ സമരസമിതി നേതൃത്വത്തിൽ കർഷകരുടെ പ്രതിഷേധ മാർച്ച്. സ്റ്റേഡിയം ജങ്ഷനിൽ മാർച്ച് പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് സമരസമിതി പ്രവർത്തകർ പോസ്റ്റ് ഓഫിസ് റോഡ് ഉപരോധിച്ചു. മന്ത്രിയെ കാണാൻ അനുവദിക്കണമെന്ന് സമരസമിതി നേതാക്കൾ പൊലീസിനെ അറിയിച്ചു.
പിന്നീട് റവന്യൂ മന്ത്രി സമരസമിതി നേതാക്കളെ പട്ടയമേള നടന്ന വേദിയിലേക്ക് വിളിപ്പിച്ച് അവരുമായി ചർച്ച നടത്തി. ജൂൺ ആദ്യം പ്രത്യേക യോഗം വിളിക്കാമെന്ന് മന്ത്രി കെ. രാജൻ ഉറപ്പുനൽകി. കേന്ദ്രാനുമതി ലഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. പിന്നീടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഏഴായിരത്തിൽ ഏറെ അപേക്ഷകർ ഉള്ളപ്പോൾ 246 പേർക്ക് മാത്രം പട്ടയം വിതരണം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ.ജോർജ് ഉദ്ഘാടനം ചെയ്തു.
കെ-യിൽ വിരുദ്ധ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് പെരുമ്പെട്ടി, ജയിംസ് കണ്ണിമല, ഉഷാ ഗോപി തുടങ്ങിയവർ സംസാരിച്ചു. പെരുമ്പെട്ടിയിലെയും പൊന്തൻപുഴയിലെയും കർഷകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.