പ്രതിയെ തേടി റാന്നി പൊലീസ് വനത്തിൽ കുടുങ്ങിയ സംഭവം; കുപ്പിവെള്ളവുമായി കൊടുംവനം താണ്ടിയത് 12 കിലോമീറ്റർ
text_fieldsപത്തനംതിട്ട: പ്രതിയെ തേടിപ്പോയി കുമളി പെരിയാർ കടുവ സങ്കേതത്തിൽ കുടുങ്ങിയ റാന്നിയിൽനിന്നുള്ള പൊലീസ് സംഘം കൊടുംവനത്തിലൂടെ താണ്ടിയത് 12കിലോമീറ്റർ. റാന്നി ഡിവൈ.എസ്.പി പി.ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെ സംഘത്തെ കഴിഞ്ഞ ശനിയാഴ്ച അതിസാഹസികമായാണ് അഗ്നിരക്ഷ സേനയും വനംവകുപ്പും ചേർന്ന് പുറത്തെത്തിച്ചത്. വണ്ടിപ്പെരിയാർ സത്രം മേഖലയിലെ ഗ്രാമ്പി വനത്തിലാണ് ഇവർ കുടുങ്ങിയത്.
2020ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതി ജോയി എന്ന ആദിവാസി യുവാവിനെ തേടിയാണ് ഇവിടെ എത്തിയത്. കൊടുംകാട്ടിൽ കുടിലിൽ താമസിക്കുന്ന ഇയാൾ പൊലീസിന്റെ കൺവെട്ടത്തുനിന്ന് പലവട്ടം വഴുതിപ്പോയിട്ടുണ്ട്. പൊലീസ് സംഘം വനത്തിനുള്ളിലേക്ക് കടന്നത് ശനിയാഴ്ച രാവിലെയാണ്. പമ്പ സി.ഐ മഹേഷും സംഘത്തിലുണ്ടായിരുന്നു. ആനയും കടുവയും പുലിയും ഏറെയുള്ള കാട്ടിനുള്ളിലേക്ക് എട്ടംഗ സംഘമാണ് പോയത്. വിവരങ്ങൾ ചോരാതിരിക്കാൻ വനപാലകരെ അറിയിച്ചതുമില്ല.
രാവിലെ ഒമ്പതോടെയാണ് പൊലീസ് സംഘം സത്രം ഭാഗത്തെ പ്രതിയുടെ വീട്ടിലെത്തിയത്. അയാളുടെ ജ്യേഷ്ഠനും അനുജനും ഉണ്ടായിരുന്നു. അതിൽ ഒരാൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി. ശേഷിച്ചയാളെയും കൂട്ടി രാവിലെ പത്തരയോടെയാണ് പ്രതി ഒറ്റക്ക് ഒളിവിലിരിക്കുന്ന ഗ്രാമ്പി മേഖലയിൽ കടന്നത്. 12 കിലോമീറ്റർ കൊടുംവനത്തിലൂടെ നടന്നു. കുപ്പിവെള്ളം മാത്രമാണ് പൊലീസുകാരുടെ കൈവശം ഉണ്ടായിരുന്നത്.
വൈകീട്ട് മൂന്നു മണിയോടെ പ്രതിയുടെ ഷെഡിലെത്തി. അവിടെ ആരുമുണ്ടായിരുന്നില്ല. ഇറങ്ങിയോടിയ സഹോദരൻ ഇവിടെയെത്തി വിവരം കൈമാറിയെന്നാണ് പൊലീസ് നിഗമനംപ്രതിയെ കിട്ടാത്തതിനാൽ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ആറു മണിക്കൂറോളം തിരികെ നടക്കണം. നേരം ഇരുട്ടുകയും ചെയ്തു. വഴി കാട്ടാൻ വന്ന പ്രതിയുടെ ഒരു സഹോദരൻ ഒരു കുറുക്കുവഴിയുണ്ടെന്ന് പറഞ്ഞു. അത് കുത്തനെയുള്ള കയറ്റമായിരുന്നു.
കയറ്റം കയറിയപ്പോൾ ഒരു പൊലീസുകാരന് നടക്കാൻ വയ്യാത്ത സ്ഥിതിയായി. പുറത്തേക്ക് വിളിക്കാൻ ഫോൺ റേഞ്ചുമില്ല. നാല് പൊലീസുകാരെ കാവൽ നിർത്തി നാലു പേർ മൂന്ന് കിലോമീറ്റർ പിന്നെയും നടന്നെന്ന് ഡിവൈ.എസ്.പി പറയുന്നു. കുത്തനെ കയറ്റം വീണ്ടും കയറിയപ്പോൾ റേഞ്ച് കിട്ടി. അവിടെ നിന്ന് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. രാത്രി പത്ത് മണിയോടെ കാടിന് പുറത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.