ഇന്നും നടുക്കുന്ന ഓർമ; റാന്നി വലിയ പാലം തകർന്നിട്ട് 28 വർഷം
text_fieldsറാന്നി: റാന്നിയെ ഞെട്ടിച്ച സംഭവത്തിന് 28 വർഷം കഴിഞ്ഞു. റാന്നിക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസം. റാന്നിയിൽ അക്കരെയിക്കരെ കൂട്ടിയോജിപ്പിച്ച പ്രധാന കണ്ണിയായ റാന്നി പാലം തകര്‍ന്നിട്ട് 28 വര്‍ഷം. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന് ശേഷം റാന്നിക്കാര് ക്കുണ്ടായത് വ്യത്യസ്ത അനുഭവങ്ങളാണ്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഉപാസനക്കടവ്, മുണ്ടപ്പുഴ ബോട്ട് ജെട്ടികളെ ബന്ധിപ്പിച്ച് വള്ളക്കടത്ത് വ്യത്യസ്ത അനുഭവമായി മാറി. ഇതിനിടെ കടത്ത് വള്ളം അപകടത്തില്‍പെട്ട് ഒരു മരണം.
അതിനുശേഷം ജങ്കാര്‍ സര്‍വിസ്, ബോട്ട് സര്‍വിസ്, പട്ടാളം എത്തി ബെയ്ലി പാലം നിര്‍മാണം, പിന്നീട് പുതിയ പാലത്തിന്റെ നിര്‍മാണം. ഒരുവര്‍ഷം കൊണ്ട് പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയായിരുന്നു. റാന്നിയില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്തുള്ള ഉദ്ഘാടനമായിരുന്നു പിന്നീടത്തേത്.
രണ്ടായി വിഭജിക്കപ്പെട്ട് റാന്നി
മൂന്ന് പഞ്ചയത്തുകള്‍ ചേര്‍ന്നതാണ് റാന്നി താലൂക്ക് ആസ്ഥാനം. പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളെ റാന്നി പഞ്ചായത്തുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി റാന്നി പാലമായിരുന്നു. പാലം പോയതോടെ റാന്നി രണ്ടായി വിഭജിക്കപ്പെട്ടു. വാഹനത്തില്‍ പമ്പാ നദിക്കു മറുകരയെത്തണമെങ്കില്‍ പത്തു കിലോമീറ്ററോളം അകലെയുള്ള ചെറുകോല്‍പ്പുഴയിലോ അത്തിക്കയത്തോ ഉള്ള പാലങ്ങളെ ആശ്രയിക്കണം. പത്തനംതിട്ട ഭാഗത്തുനിന്നുള്ള ബസുകള്‍ പെരുമ്പുഴ സ്റ്റാന്‍ഡിലും എരുമേലി കോട്ടയം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഇട്ടിയപ്പാറ സ്റ്റാന്‍ഡിലും എത്തി സര്‍വിസ് നിര്‍ത്തി. ഇതിനിടയിലുള്ള യാത്രക്കാര്‍ വള്ളത്തിലും കാല്‍നടയുമായി പോകേണ്ടി വന്നു. കടത്തുവള്ളം ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ച ദുരന്തവും ഇതിനിടയുണ്ടായി. തുടര്‍ന്ന് അപകടം ഒഴിവാക്കാൻ ജങ്കാര്‍ സര്‍വിസും പിന്നീട് ബോട്ട് സര്‍വിസും ഉപാസനക്കടവില്‍ വന്നു. അന്ന് ശബരിമലയിലേക്കുള്ള പ്രധാനപാത റാന്നിയിലൂടെയായതിനാല്‍ തീർഥാടന കാലത്തുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള അടിയന്തര നടപടി അന്നത്തെ എൽ.ഡി.എഫ് സര്‍ക്കാറിന് സ്വീകരിക്കേണ്ടി വന്നു.
കരിങ്കല്ലുംമൂഴി കണമല റോഡും മുക്കട-ഇടമുറി-അത്തിക്കയം റോഡും എല്ലാം വികസിപ്പിച്ച് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ ഇതുവഴി തിരിച്ചു വിട്ടു. ദീര്‍ഘദൂര ബസുകള്‍ അത്തിക്കയത്തുകൂടെയും ചെറുകോല്‍പ്പുഴ വഴിയും റാന്നിയിലെത്താന്‍ തുടങ്ങിയതോടെ ഏതാണ് 20 കിലോമീറ്ററോളം അധികം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായി
മറക്കാനാവാത്ത അനുഭവം
1996 ജൂലൈ 29ന് നല്ല മഴയായതിനാല്‍ പമ്പാനദിയിലെ വെള്ളം കലങ്ങി ഇരുകര മുട്ടിക്കിടന്നിരുന്നു.
വൈകീട്ട് 3.50ഓടെ സ്കൂള്‍–കോളജ് വിദ്യാര്‍ഥികള്‍ അടക്കം നിറയെ ആളുമായി തിരുവല്ലയിലേക്കുള്ള സ്വകാര്യ ബസ് പാലം കടന്ന് മറുകരയിൽ എത്തിയതോടെ അതിഭീകരമായ ശബ്ദത്തോടെ റാന്നി പാലത്തിന്റെ മധ്യഭാഗം പമ്പാനദിയില്‍ പതിച്ചു. ഈ സമയം പെരുമ്പുഴ ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറിയ കാറും സ്കൂട്ടറും പെട്ടെന്ന് പിന്നിലേക്കെടുത്ത് രക്ഷപ്പെട്ടു.
പാലത്തോടോപ്പം ബസും നദിയില്‍ വീണുവെന്ന തെറ്റിദ്ധാരണ ആദ്യം എത്തിയവരില്‍ ആശങ്ക പരത്തി. അടിത്തറയിലെ ബലക്ഷയം കാരണം പാലത്തിന്റെ മധ്യഭാഗത്തെ തൂണ് താഴ്ന്നു പോയതാണ് പാലം തകരാന്‍ കാരണമായത്.
പട്ടാളം ഇറങ്ങി; ബെയ്ലി പാലം പൊങ്ങി
പട്ടാളത്തെക്കൊണ്ട് നദിയില്‍ പൊങ്ങിക്കിടക്കുന്ന പാലം പെട്ടെന്ന് നിര്‍മിക്കാന്‍ പരിശോധന നടത്തിയെങ്കിലും നദിയില്‍ അടിക്കടിയുണ്ടാവുന്ന വെള്ളത്തിന്റെ അളവിലുള്ള വ്യത്യാസം ഇത് അസാധ്യമാക്കി. തുടര്‍ന്നാണ് പഴയ പാലത്തിന്റെ തകര്‍ന്ന ഭാഗം മുറിച്ചുമാറ്റി ഇവിടെ ബെയ്ലി പാലം നിര്‍മിക്കാന്‍ തീരുമാനമായത്. പട്ടാളം എത്തി നാല് ദിവസംകൊണ്ട് ബെയ്ലി പാലം നിര്‍മിച്ചത് ഇന്നും നാട്ടുകാരുടെ മനസ്സില്‍ അത്ഭുതമാണ്. ബെയ്ലി പാലം പൂര്‍ത്തിയായതോടെ ഇരു ചക്രവാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കും മറു കരക്ക് പോകാനായത് ഒരളവ് വരെ ആശ്വാസമായി.
അക്കരെയിക്കരെ ഓട്ടോ; പുതിയ പാലം തുറന്ന് നായനാർ
ഇതുവഴി സര്‍വിസ് ആരംഭിച്ച പത്തുപേര്‍ക്ക് യാത്ര ചെയ്യാവുന്ന തേക്കാട്ടില്‍ ബെന്നിച്ചന്റെ അക്കരെയക്കരെ ഓട്ടോ പെരുമ്പുഴയില്നിന്നും ഇട്ടിയപ്പാറയിലെത്താന്‍ ബസ് യാത്രക്കാര്‍ക്കും വിദ്യാർഥികള്‍ക്കും ഏറെ ആശ്വാസമായി. തുടര്‍ന്ന് പുതിയ പാലത്തിന്റെ പണി ടെന്‍ഡര്‍ ചെയ്യുകയും എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭഗീരഥ കമ്പനി നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു.
യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിച്ച പാലം നിര്‍മാണം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയത് കേരളത്തിന്റെ ചിരിത്രത്തില്‍ തന്നെ ആദ്യ സംഭവമായി.
1998ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പാലം തുറന്നു കൊടുത്തു.രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് ആളുകളാണ് റാന്നിയില്‍ നടന്ന ഉദ്ഘാടന ചടങ്ങിലെത്തിയത്. ഇത്രയും ആളുകള്‍ പങ്കെടുത്ത ഒരു യോഗം അതിനു മുമ്പോ പിന്നീടോ റാന്നിയില്‍ ഉണ്ടായിട്ടില്ല. ഓർമകള്‍ അയവിറക്കി തകര്‍ന്ന പഴയ പാലത്തിന്റെ ബാക്കിഭാഗം ഇന്നും പുതിയ പാലത്തിനൊപ്പം നില്ക്കുന്ന കാഴ്ച കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.