40,000 രൂപ കുടിവെള്ള ബില്ല്; റദ്ദാക്കി ഉപഭോക്തൃ കോടതി
text_fieldsറാന്നി: ജല അതോറിറ്റി തിരുവല്ല പി.എച്ച് സെക്ഷന് ഉപഭോക്താവിന് നല്കിയ 40,767 രൂപയുടെ ബില്ലുകൾ റദ്ദുചെയ്യണമെന്ന ഉത്തരവുമായി ജില്ല ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ. തിരുവല്ല തുകലശ്ശേരി കളരിപറമ്പിൽ കെ. ഉണ്ണികൃഷ്ണൻ നായരുടെ പരാതിയിലാണ് ഉത്തരവ്.
15 വർഷമായി 732 രൂപ ശരാശരി ബില്ലാണ് ജല അതോറിറ്റി നൽകിയിരുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസം. അധികമായി വെള്ളം ഉപയോഗിക്കേണ്ട ആവശ്യം ഇവർക്കില്ല. 15-10-2022 ൽ 13,377 രൂപയുടെ ബില്ലു കിട്ടിയപ്പോൾ ജല അതോറിറ്റി തിരുവല്ല ഡിവിഷനിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് 14-12 -2022 ൽ 13,613 രൂപയുടേയും 09-02-2023 ൽ 13,839 രൂപയുടേയും ബില്ലുകൾ നൽകി. പരാതിയുമായി ജല അതോറിറ്റി ഓഫീസിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥർ വളരെ മോശമായി പ്രതികരിച്ചതായി പറയുന്നു.
തുടർന്നാണ് ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷന് അസി.എൻജിനീയറെ എതിർകക്ഷിയാക്കി പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ പരാതി സമർപ്പിച്ചത്.
ഉണ്ണികൃഷ്ണന്റെ വീട്ടിലെ വാട്ടർ മീറ്ററിന്റെ തകരാറുമൂലമാണ് തെറ്റായ റീഡിങ് അടിസ്ഥാനത്തിൽ ഭീമമായ ബില്ലുകൾ നൽകിയതെന്ന് കമീഷന് ബോധ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നൽകിയ മൂന്ന് ബില്ലുകളും തെറ്റാണെന്ന് കമ്മീഷൻ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി.
കണക്ഷൻ വിച്ഛേദിക്കാത്തതിനാൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും 40,767 രൂപയുടെ ബില്ലുകൾ റദ്ദാക്കുന്നതായും ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.