അട്ടത്തോട് സ്കൂളിൽ കുട്ടികളിനി കാറും ബൈക്കുമോടിക്കും!...
text_fieldsറാന്നി: ഏറെ താത്പര്യത്തോടെ ഈ കുട്ടികൾ ഇനി സ്കൂളിലെത്തും.
അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിന് പുതിയ ബഹുനില കെട്ടിടം ലഭിച്ചതോടെ വിവിധ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളെ സ്കുളിലെത്തിക്കാൻ വിനോദ വിജ്ഞാന ഉപാധിയായാണ് ചെന്നൈയിൽ നിന്നും ബഹുവർണ ആധുനിക ഇലക്ട്രിക് കാറും സ്കൂട്ടറും സ്കൂളിലെത്തിയത്.
വനത്തിലധിവസിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ തേൻ, കുന്തിരിക്കം, ഔഷധങ്ങൾ ഇവ ശേഖരിക്കാൻ കാട് കയറിയാൽ ആഴ്ചകളോളം കുട്ടികളും സ്കൂളിൽ വരാറില്ല. കാരണമൊന്നുമില്ലാതെ പഠനം മുടക്കുന്നതും സാധാരണമാണ്.
കുട്ടികൾക്ക് സ്കുളിൽ വരാൻ താത്പര്യം ജനിപ്പിക്കാൻ ഇത്തരം കളിക്കോപ്പുകൾ ആവശ്യമാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് അമ്പൂരി, ശബരിമല വനമേഖലയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിലിനെ അറിയിച്ചതിനെ തുടർന്നാണ് ചെന്നൈയിൽ നിന്ന് കളിക്കോപ്പുകൾ എത്തിച്ചുനൽകിയത്.
സ്കൂളിലേക്ക് ടെലിവിഷൻ, ഫ്രിഡ്ജ്, യൂണിഫോം അലക്കി തേച്ച് നൽകാൻ വാഷിങ് മെഷീൻ, ഇസ്തിരിപ്പെട്ടി എന്നിവയും വിവിധ വിദ്യാഭ്യാസ സഹായങ്ങളും ആരോഗ്യ പരിപാലന കിറ്റുകളും സൊസൈറ്റി എത്തിച്ച് നൽകിവരുന്നുണ്ട്. കുട്ടികൾ ഏറെ ഉത്സാഹത്തോടെയും ആശ്ചര്യത്തോടെയുമാണ് വാഹനങ്ങൾ ഓടിച്ചത്.
സ്കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ കളിക്കോപ്പുകൾ, ഹെഡ്മാസ്റ്റർ ബിജു തോമസ് അമ്പൂരിക്ക് കൈമാറി. ബേബി ജോൺ മണിമലേത്ത്, ബിന്നി ശാമുവേൽ തലക്കോട്ട്, സുബീഷ്. കെ.എം, അഭിലാഷ്. സി, ആശ നന്ദൻ, അമിത. എസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.