തീപിടിത്തം അശ്രദ്ധ മൂലമെന്ന് അധികൃതർ
text_fieldsറാന്നി: വേനൽ കടത്തതോടെ റാന്നിയിലും പരിസരത്തും വർധിക്കുന്ന തീപിടിത്തങ്ങൾ അശ്രദ്ധമൂലമെന്ന് അധികൃതർ. കാടുപിടിച്ച പുരയിടങ്ങളിലും പുറമ്പോക്കിലും കാട് ഇല്ലാതാക്കാൻ തീയിടുന്നതാണ് അഗ്നിരക്ഷാ സേനക്ക് വിനയാകുന്നത്.
ഫെബ്രുവരി മുതൽ മാർച്ച് ആദ്യവാരം വരെ 78ഓളം വലുതും ചെറുതുമായ തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഉതിമൂട് വലിയ കലുങ്കിൽ പുറമ്പോക്ക് ഭൂമിയിൽ രാത്രി സാമൂഹിക വിരുദ്ധരിട്ട തീ ദിവസങ്ങളോളം നീറിപ്പുകയുകയായിരുന്നു. ഉതിമൂട് വലിയ കലുങ്ക്, പുതുശ്ശേരിമല, കുരുമ്പൻ മൂഴി, ഊട്ടുപാറ, കരികുളം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തം നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ദുരന്തത്തിലേക്ക് മാറാതിരുന്നത്.
അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തിടത്ത് തീപിടിത്തങ്ങൾ പലതും ഉണ്ടായത്. ഇത് സേനയെ സംബന്ധിച്ച് ജോലി പലപ്പോഴും ദുഷ്കരമാക്കി. സമീപത്തെ റബർ തോട്ടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും വ്യാപിച്ച തീ പച്ചത്തലപ്പുകൾകൊണ്ട് തല്ലിക്കെടുത്തുകയായിരുന്നു. റബർ വില തകർച്ചക്ക് പിന്നാലെ തോട്ടങ്ങളിലും പരിസരത്തും കാട് വർധിച്ചു. പുരയിടങ്ങളിലെ കാട് നശിപ്പിക്കാൻ അടിക്കാട്ടുകൾക്ക് തീയിടുന്ന പ്രവണത കൂടിവരുന്നു. കൃഷിയിടങ്ങളിൽ കാട് തീ ഇട്ട് നശിപ്പിക്കുന്നവർ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് അഗ്നിരക്ഷാ സേനയുടെ അഭ്യർഥന. കാട് നശിപ്പിക്കാൻ ഇടുന്ന തീ പൂർണമായും അണഞ്ഞുവെന്ന് ഉറപ്പുവരുത്തണം.
അഗ്നിരക്ഷാ സേനയുടെ മുന്നിൽ എത്തുന്ന കേസുകൾ ഇത്രയധികം വർധിക്കുമ്പോഴും സേന അംഗങ്ങളുടെ അംഗബലം പര്യാപ്തമല്ല. 41 പേർ വേണ്ടിയിടത്ത് 23 പേരാണ് റാന്നി യൂനിറ്റിൽ ജോലി നോക്കുന്നത്. രണ്ട് ഫയർ എഞ്ചിനും .രണ്ടിൽ കൂടുതൽ കേസുകൾ ഒരേ സമയത്ത് വന്നാൽ പലയിടത്തും ഓടിയെത്താൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.