സ്റ്റാന്‍ഡിൽ കയറാതെ ബസുകള്‍; യാത്രക്കാരൻ പരാതി നല്കി
text_fieldsറാന്നി: സമരങ്ങള്‍ക്കും കോടതി ഉത്തരവിനും പുല്ലുവില കല്‍പ്പിച്ച് പിന്നെയും ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെയാണ് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നത്.കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നിന്നുമെത്തിയ ബസ് യാത്രക്കാരനെ പെരുവഴിയില്‍ ഇറക്കിവിട്ടു.
സംഭവത്തില്‍ റാന്നി പൊലീസില്‍ പരാതി നൽകി. വ്യാഴാഴ്ച വൈകിട്ട് ആറരയോടാണ് സംഭവം. തിരുവല്ല റാന്നി റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് പെരുമ്പുഴ സ്റ്റാന്‍ഡില്‍ എത്താതെ പോയത്. പി.ജെ.ടി ജങ്ഷനില്‍ നിന്നും ഇട്ടിയപ്പാറയ്ക്ക് ബസ് തിരിഞ്ഞതോടെ യാത്രക്കാരന് ജീവനക്കാരോട് പെരുമ്പുഴയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോകാന്‍ കഴിയില്ലെന്ന് ധിക്കാരപൂർവം ജീവനക്കാര്‍ പ്രതികരിക്കുകയായിരുന്നു. ശ്വാസം മുട്ടലുള്ള ആളാണെന്നും ഇട്ടിയപ്പാറയില്‍ നിന്നും നടക്കാന്‍ കഴിയില്ലെന്നും പറഞ്ഞതോടെ അങ്ങനെയുള്ളവര്‍ വീട്ടിലിരിക്കണമെന്നായി കണ്ടക്ടര്‍. ഈ വിവരങ്ങള്‍ കാട്ടി റാന്നി പൊലീസിലും റാന്നി ഗ്രാമ പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്. ബസുകള്‍ പെരുമ്പുഴ സ്റ്റാന്‍ഡില്‍ എത്താതെ റോഡില്‍ നിര്‍ത്തുന്നതും പതിവാണ്.
ഇതുമൂലം പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നുണ്ട്. സ്റ്റാന്‍ഡില്‍ ബസുകള്‍ കര്‍ശനമായും കയറി ഇറങ്ങണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയെങ്കിലും ഇത് ആരും പാലിക്കുന്നില്ല. ഉന്നത നിലവാരത്തിൽ റോഡ് വികസിച്ചതോടെ പാതയിൽ ഏതു സമയവും വാഹനങ്ങളുടെ തിരക്കാണ്. ഇതു വകവെക്കാതെയാണ് ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.
പലപ്പോഴും ബസ് സ്റ്റാൻഡിനോട് ചേർന്നു റോഡിൽ നിർത്തുന്ന ബസുകളിൽ കയറാൻ ആളുകൾ ഓട്ട മത്സരം തന്നെ നടത്തേണ്ട സ്ഥിതിയാണ്. സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിൽക്കുന്നവർക്ക് സ്റ്റാൻഡിന്റെ പുറത്ത് റോഡിൽവരെ ഓടിയെത്തേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയിലേക്കും മറ്റും കയറുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പായുമ്പോൾ ഇത്തരത്തിലുള്ള പ്രവണത അപകടം വിളിച്ചു വരുത്തുന്നതാണ്.
പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ റോഡിന്റെ മറുകരയിൽ നിർത്തി ആളുകളെ ഇറക്കിയശേഷം പോകുന്ന കാഴ്ചയും കാണാം.
അശ്രദ്ധമൂലം റാന്നിയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പുഴ ബസ് സ്റ്റാൻഡും സ്റ്റാൻഡിന് മുമ്പിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതയും.
ഇത്തരത്തിൽ നിർത്തുന്ന സ്വകാര്യ ബസ്സുകളെ മറികടന്നെത്തുന്ന ഇരുചക്ര വാഹനങ്ങൾക്ക് മുൻവശം കാണാൻ കഴിയാതെ വരുകയും ബസ്സ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.