വന്യജീവി ആക്രമണ പ്രതിരോധത്തിന് റാന്നിയിൽ സമഗ്ര പദ്ധതി
text_fieldsറാന്നി: റാന്നിയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് കർഷകരെയും കൃഷിയെയും സംരക്ഷിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് സമഗ്ര പദ്ധതി ഒരുങ്ങുന്നു. പെരുനാട്, വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലെ കാട്ടുമൃഗ ശല്യം ഏറ്റവും രൂക്ഷമായ മേഖലകളിലാണ് ഒന്നാം ഘട്ടമായി പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്ന് മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
ഇതിന്റെ ഭാഗമായി സോളാർ വേലി, കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി 50 ലക്ഷം രൂപയാണ് ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ നിർവഹണം സംബന്ധിച്ച് ജനകീയ അഭിപ്രായം തേടുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും വനംവകുപ്പിന്റെയും യോഗം മൂന്നു മേഖലകളിലും വിളിച്ചുചേർത്തു. പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റുകളുടെ വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാവും വന്യജീവി പ്രതിരോധത്തിനുള്ള രൂപരേഖ തയാറാക്കുക.
സോളാർ വേലിയോ മറ്റ് പ്രതിരോധ മാർഗങ്ങളോ നിർമിച്ചാൽ അവയുടെ തുടർന്നുള്ള പരിപാലനവും സംരക്ഷണവുമാണ് പ്രധാനം. ഇതിനുള്ള പരിശീലനം വനംവകുപ്പ് പ്രദേശവാസികൾക്ക് നൽകും.
വടശേരിക്കര ഭാഗത്ത് മൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാനുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ആലോചിക്കാൻ ഉപസമിതി രൂപവത്കരിച്ചു. ഉപസമിതി യോഗം ചേർന്ന് ഒരാഴ്ചക്കുള്ളിൽ വേണ്ട നിർദേശം നൽകാനാണ് തീരുമാനം. നേരത്തേ സോളാർവേലി കെട്ടിയ ഭാഗങ്ങളിൽ സംരക്ഷണം ഇല്ലാത്തത് പദ്ധതിയുടെ പരാജയത്തിന് ഇടയാക്കിയതായി യോഗത്തിൽ അഭിപ്രായം ഉയർന്നു.
വിവിധ സ്ഥലങ്ങളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ലത മോഹൻ, സോണിയ മനോജ്, ജില്ല പഞ്ചായത്തംഗം ജോർജ് എബ്രഹാം, ഡി എഫ്.ഒ ജയകുമാർ ശർമ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ ബി. ദിലീഫ്, എ. എസ്. അശോക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.