ബസ് സ്റ്റാൻറ് ടെർമിനൽ നിർമാണം; ഭരണപക്ഷവും പഞ്ചായത്തും കൊമ്പുകോർക്കുന്നു
text_fieldsറാന്നി: പഴവങ്ങാടിയിൽ ബസ് സ്റ്റാൻറ് ടെർമിനൽ നിർമ്മാണത്തിൽ ഭരണപക്ഷ പാർട്ടിയും പഞ്ചായത്തും തമ്മിൽ കൊമ്പുകോർക്കുന്നു. പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി. എഫാണ്, സമരം നടത്തുന്നത് എൽ.ഡി.എഫും.
ഇട്ടിയപ്പാറ ബസ്റ്റാൻഡിന് പുതിയ ബസ് ടെർമിനൽ നിർമിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും മൂന്നുകോടി രൂപ അനുവദിച്ചിട്ടും പഴവങ്ങാടി പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് പഴവങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തിയത്. ഇതിനുപിന്നാലെ പഞ്ചായത്ത് ഉടമസ്ഥതയിൽ ഇല്ലാത്ത കെ.എസ്.ആർ.ടി.സിയുടെ വികസനത്തിന് ഫണ്ട് അനുവദിച്ചത് തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണെന്ന് പഞ്ചായത്ത്പ്രസിഡൻറ് റൂബി കോശി കുറ്റപ്പെടുത്തുന്നു. പഞ്ചായത്തിന്റെ ആസ്തിയിലും കൈവശത്തിലും ഇല്ലാത്തതും എന്നാൽ കെ.എസ്.ആർ.ടി.സി കരം അടയ്ക്കുന്നതുമായ സ്ഥലത്തിന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് എൻ.ഒ.സി നൽകണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നാണ് പ്രസിഡൻറിന്റെ വിശദീകരണം.
കാലാകാലങ്ങളിൽ പഴവങ്ങാടിയിൽ നടന്നിട്ടുള്ള എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതികൾ നിലകൊണ്ടിട്ടുണ്ട്. തുടർന്നും നാടിന്റെ വികസനത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും ശക്തമായ പിന്തുണ ഉണ്ടാവുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പ്രസ്താവന ഇറക്കി. ഇതോടെയാണ് നിർമ്മാണം വിവാദമാകുന്നത്. ബസ് ടെർമിനലിന് നാല് മാസം മുമ്പാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്. എന്നാൽ ഇതുവരെ എൻ.ഒ.സി നൽകാൻ പോലും പഞ്ചായത്ത് തയാറായിട്ടില്ലെന്നാണ്എൽ.ഡി.എഫ് ആരോപണം.
റാന്നി ഇട്ടിയപ്പാറയിൽ ആധുനിക രീതിയിൽ ബഹുനില കെട്ടിടം പണിത് ശബരിമല ഇടത്താവളം പണിയുമെന്ന് 12 വർഷമായി പറയുന്ന ഇടത്താവളം നിർമ്മാണം പോലെയാണ് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടിലാണ് ഇനിയും റാന്നിയിലെ ബസ്റ്റാൻറ് ടെർമിനൽ നിർമ്മാണം എന്നാണ് പ്രതിപക്ഷം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.