ഇട്ടിയപ്പാറയിലെ ശബരിമല ഇടത്താവള നിർമാണം നിയമക്കുരുക്കിലേക്ക്
text_fieldsറാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറയിലെ ശബരിമല ഇടത്താവളം നിര്‍മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സംഘം പരിശോധന നടത്തി. പരിസ്ഥിതി ലോല മേഖലയില്‍ പന്ത്രണ്ടു നിലകളിലായി ഇടത്താവളം നിര്‍മിക്കുന്നതിനെതിരെ സ്വകാര്യ വ്യക്തി ദേശീയ ഹരിത ട്രൈബ്യൂണലിന് നല്കിയ പരാതിയാണ് ഇടത്താവളത്തിന് കുരുക്കായത്.
പരാതി അന്വേഷിക്കാനും തല്‍സ്ഥിതി വിലയിരുത്താനും അഞ്ചംഗ കമീഷന് ഇട്ടിയപ്പാറയിലെ നിര്‍ദിഷ്ട സ്ഥലത്തെത്തി. അസി.കലക്ടര്‍ ടി.ആര്. ഷൈന്‍, ഡി.എഫ്.ഒ വിജയകുമാര്‍ ശര്‍മ, തഹസില്‍ദാര്‍ കെ. നവീന്‍ബാബു, പൊല്യൂഷ്യന്‍ കണ്ട്രോളര്, അസി.ഇറിഗേഷന്‍ എക്സി. എൻജിനീയര്‍ എന്നിവരാണ് സ്ഥല പരിശോധന നടത്തിയത്.
ഇടത്താവളം നിര്‍മിക്കുന്ന സ്ഥലം പഴവങ്ങാടി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതായതിനാല്‍ പ്രസിഡൻറ്, സെക്രട്ടറി എന്നിവരോട് വിശദീകരണമാരാഞ്ഞു.
മാടത്തുംപടിയില്‍ നിന്നുമെത്തുന്ന തോടും വയലും നികത്തി ഹരിതചട്ടം പാലിക്കാതെ കെട്ടിടം നിര്‍മിക്കുന്നുവെന്നാണ് പരാതി. എന്നാല്‍, മീന്മുട്ടുപാറയില് നിന്നാരംഭിക്കുന്ന തോട് നിര്‍ദിഷ്ട പദ്ധതിക്കരികിലൂടെ കടന്നു പോകുന്നതായും മാടത്തുംപടിയില്‍ നിന്നെത്തുന്ന തോട് പദ്ധതിയുടെ നൂറ് മീറ്റര്‍ അകലെയാണെന്നും പ്രസിഡൻറ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പാരംഭിച്ച പദ്ധതിയാണ്.
പൈലിങ്ങുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. പല തവണ മുടങ്ങിയ പണികള്‍ പുതുക്കി കരാര്‍ കൊടുക്കാനിരിക്കെയാണ് ഹരിത ട്രൈബ്യൂണലിെൻറ അന്വേഷണം എത്തുന്നത്. ഇത് മറികടന്ന് കെട്ടിടം നിര്മിക്കണമെങ്കില് കടമ്പകള്‍ ഏറെ കടക്കണം. പന്ത്രണ്ടു നിലയെന്നത് ഒഴിവാക്കി ആറു നിലകളിലാക്കി നിര്‍മാണം നടത്താനും ബന്ധപ്പെട്ടവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സ്വകാര്യ - കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡുകളും പാര്‍ക്കിങ് സ്ഥലങ്ങളും ഷോപ്പിങ്ങ് മാളും ശബരിമല തീര്‍ഥാടകരുടെ വിശ്രമ സ്ഥലം തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.