പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണം; സഞ്ചാരത്തിന് തടസ്സമുണ്ടാകുന്നതായി പരാതി
text_fieldsറാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മിക്കാൻ വളവുകള്‍ ഒഴിവാക്കി സ്ഥലം ഏറ്റെടുത്തതോടെ പഴയ പാതകളിൽ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനം നടക്കുന്നതായി പരാതി. ഇതു കൂടാതെ പാതയരികിൽ സാധനങ്ങൾ ഇറക്കിയിടുകയും വാഹനങ്ങൾ പാർക്ക് ചെയ്യുകയും പതിവാകുന്നു. ഇതിനിടയിൽ ചെറിയ തോതിൽ കൈയേറ്റങ്ങളും ആരംഭിച്ചിട്ടുണ്ട്.
പുതിയ റോഡ് വന്നെങ്കിലും പഴയതിന്റെ ഇരുവശവും ജനവാസ മേഖലയാണ്. കുത്തുകല്ലുങ്കല്‍പടി മുതല്‍ മന്ദിരംപടിവരെയുള്ള മൂന്നോളം സ്ഥലങ്ങളിലാണ് കൈയേറ്റം ഉണ്ടായിരിക്കുന്നത്. പാതയുടെ ഇരുവശത്തും വൈദ്യുതി വകുപ്പ് തൂണുകള്‍ ഇറക്കിയിരിക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍ തടികള്‍ ഇറക്കിയിരിക്കുകയുമാണ്. ഇതുമൂലം പ്രദേശവാസികളാണ് ദുരിതത്തിലായിരിക്കുന്നത്.
വൈക്കം പെട്രോള്‍ പമ്പിനു സമീപം സ്വകാര്യ വ്യക്തി പാത കൈയേറി തെങ്ങു നട്ടിരുന്നു. പുനരുദ്ധാരണം കെ.എസ്.ടി.പിയെ ഏൽപിച്ച് റോഡ് നിർമാണം നടന്നപ്പോൾ പഴയ റോഡിന്റെ വളവുള്ള ഭാഗങ്ങൾ റോഡ് നിർമാണത്തിന് പുറത്ത് പോയിരുന്നു. ആ വഴികൾ എല്ലാം പൊതുമരാമത്ത് വകുപ്പ് നിലനിർത്തിയിരുന്നു.
ഇങ്ങനെ ബ്ലോക്കുപടി മുതൽ വാളിപ്ലാളാക്കൽവരെ അഞ്ചിടത്തായി വളവുകൾ നിവർത്താന്‍ പുതിയ സ്ഥലങ്ങള്‍ ഏറ്റെടുത്തിരുന്നു.പൊതുമരാമത്ത് ഉദ്യോഗസ്ഥർ വേണ്ട നടപടി എടുക്കണമെന്നാണ് ആവശ്യം.
വാളിപ്ലാക്കലില്‍ റോഡിലേക്ക് ഇറക്കി മതിൽ നിർമിക്കാൻ ശ്രമം നടത്തിയിരുന്നു. അതുതടഞ്ഞപ്പോൾ, അവിടെയും പിന്നീട് ഫലവൃക്ഷങ്ങൾ ഇറക്കി നട്ടുകൊണ്ട് വീണ്ടും കൈയേറ്റം നടത്തിയിട്ടുണ്ട്.
നീരൊഴുക്ക് തോടും അടച്ചുകൊണ്ടാണ് ഇരുസ്ഥലവും കൈയേറിയത്. പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് പോകുന്നവരുമുണ്ട്. പരാതി പറഞ്ഞിട്ടും കാര്യമില്ലെന്ന അവസ്ഥയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.