പാര്‍സല്‍ കമ്പനി 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷൻ
text_fieldsറാന്നി: ഡി.ടി.ഡി.സി പാര്‍സല്‍ സര്‍വിസ് കമ്പനി 40,000 രൂപ നഷ്ടപരിഹാരം നല്കാന് ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷൻ വിധി. തിരുവല്ല കാവുംഭാഗം മാനസസരസിൽ ടി.എസ്. വിജയകുമാർ തിരുവല്ലയിൽ പ്രവർത്തിക്കുന്ന പാർസൽ സർവിസ് സ്ഥാപനത്തിനെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഫയൽ ചെയ്ത ഹരജിയിലാണ് വിധി.
2017 ഒക്ടോബറില്‍ വിജയകുമാർ ബംഗളൂരുവിൽ താമസിക്കുന്ന മരുമകന് സമ്മാനമായി ഷാർജയിൽനിന്ന് വരുത്തിയ വിദേശ നിര്‍മിത 40 ഇഞ്ച് എല്‍.ഇ.ഡി ടി.വി തിരുവല്ലയിലെ പാർസൽ സർവിസ്വഴി അയച്ചു. പാർസൽ ചെലവിലേക്കായി 5,350 രൂപയും ടി.വി 25,000 രൂപക്ക് ഇൻഷുർ ചെയ്ത വകയിൽ 500 രൂപയും ചേർത്ത് 5850 രൂപ കമ്പനിയെ ഏൽപിച്ചു. എന്നാൽ, കമ്പനിയുടെ ഉത്തരവാദിത്തമില്ലാത്ത ട്രാൻസ്പോർട്ടേഷൻ കാരണം ടി.വിയുടെ ഗ്ലാസ് പൊട്ടുകയും പ്രവർത്തനരഹിതമാകുകയും ചെയ്തു. കമ്പനിയെ അറിയിച്ചെങ്കിലും നഷ്ടപരിഹാരമായി ഇൻഷുർ ചെയ്ത തുകയായ 25,000 രൂപ നൽകാൻ തയാറായില്ല. ഈ വിവരം കാണിച്ച് വിജയകുമാർ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ നൽകിയ പരാതിയിലാണ് വിധി. വിശദ വാദം കേട്ട കമീഷൻ ഇൻഷുറന്‍സ് വകയിൽ ലഭിക്കാനുളള 25,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവിനായി 5,000 രൂപയും ചേർത്ത് 40,000 രൂപ ഹരജിക്കാരന് നല്കാന് വിധിക്കുകയായിരുന്നു.
ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡൻറ് ബേബിച്ചൻ വെച്ചൂച്ചിറ, മെംബർമാരായ എൻ. ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.