സി.പി.എം റാന്നി വിട്ടുകൊടുത്തത് എതിർപ്പ് അവഗണിച്ച്; കൈവിട്ട കളിയാകുമോ എന്ന് പാർട്ടിക്കുള്ളിൽ ആശങ്ക
text_fieldsപത്തനംതിട്ട: അഞ്ചുതവണയായി തുടർച്ചയായി ജയിച്ചുവന്ന റാന്നി സി.പി.എം കേരള കോൺഗ്രസിന് വിട്ടുകൊടുത്തത് പാർട്ടി ജില്ല നേതൃത്വത്തിെൻറ ശക്തമായ എതിർപ്പിനെ അവഗണിച്ച്. അഞ്ചുതവണ മത്സരിച്ചതിെൻറ പേരിൽ രാജു എബ്രഹാമിനെ ഒഴിവാക്കുന്നതിനോട് വിയോജിപ്പ് ഇല്ലെങ്കിലും റാന്നിയിൽനിന്ന് തന്നെയുള്ളതും വിജയസാധ്യതയുള്ളതുമായ മറ്റൊരു സ്ഥാനാർഥിയെ പാർട്ടിക്ക് അവതിരിപ്പിക്കാൻ കഴിയും എന്ന കാര്യം ജില്ല നേതൃത്വം സ്ഥാനാർഥി വിഷയം ചർച്ചചെയ്യാൻ ചേർന്ന ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് റാന്നിയുടെ കാര്യത്തിൽ ശക്തമായ അവകാശവാദമൊന്നും ഇല്ലായിരുന്നു.
ഇവിടെ ജയസാധ്യത ഉറപ്പുള്ള ഒരു സ്ഥാനാർഥിയെ അവതരിപ്പിക്കാൻ അവർക്ക് കഴിയാത്തതും ഇതിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലും ജയം ഉറപ്പുള്ള സീറ്റ് വിട്ടുകൊടുത്തത് നഷ്ടക്കച്ചവടമാകുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിൽ ഉണ്ട്. ജോസ് വിഭാഗത്തിെൻറ ജില്ല പ്രസിഡൻറ് തിരുവല്ലക്കാരനായ എൻ.എം. രാജു റാന്നിയിൽ സ്ഥാനാർഥിയാകാനാണ് സാധ്യത.
ഐ.പി.സി സഭാംഗമാണ് അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയായ എൻ.എം. രാജു. ഇതുകൂടാതെ ഓർത്തഡോക്സുകാരനും റാന്നിക്കാരനുമായ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. മനോജ് മാത്യു, ക്നാനായക്കാരനായ മുൻ കടുത്തുരുത്തി എം.എൽ.എ സ്റ്റീഫൻ ജോർജ്, ക്നാനായക്കാരനായ റാന്നി നിയോജകമണ്ഡലം പ്രസിഡൻറ് ആലിച്ചൻ ആറൊന്നിൽ എന്നിവരുടെ പേരുകളും അവരുടെ സ്ഥാനാർഥി പട്ടികയിലുണ്ട്്.
ഇടതുമുന്നണി റാന്നി കേരള കോൺഗ്രസിന് വിട്ടുകൊടുത്ത സാഹചര്യത്തിൽ യു.ഡി.എഫും ജോസഫ് വിഭാഗത്തിന് ഈ സീറ്റ് വിട്ടുനൽകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. തിരുവല്ല സീറ്റിനുവേണ്ടി ജോസഫ് ഗ്രൂപ്പിൽ വിക്ടർ ടി.തോമസും ജോസഫ് എം.പുതുശ്ശേരിയും തമ്മിൽ അടി രൂക്ഷമാണ്.
കേരള കോൺഗ്രസ് സ്ഥിരമായി തോൽക്കുന്ന തിരുവല്ല കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് നീക്കിവെച്ച സീറ്റാണ് റാന്നി. ജി. പത്മകുമാറാകും അവരുടെ സ്ഥാനാർഥി. കേരള കോൺഗ്രസിെൻറ രംഗപ്രവേശത്തോടെ റാന്നിയിലെ പോരാട്ടച്ചൂട് ഉയരുമെന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.