പെരുമ്പെട്ടി പട്ടയ വിതരണ നടപടികൾക്ക് ഡിജിറ്റൽ സർവേ തുടങ്ങും
text_fieldsറാന്നി: പെരുമ്പെട്ടി പട്ടയ വിതരണ നടപടികൾക്ക് ഡിജിറ്റൽ സർവേ ആരംഭിക്കുന്നു. ഡിജിറ്റൽ സർവേയുടെ ക്യാമ്പ് ഓഫിസ് പെരുമ്പെട്ടിയിലാണ് തുറക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 28ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ. രാജൻ നിർവഹിക്കും 512 കുടുംബങ്ങൾക്കാണ് പെരുമ്പെട്ടി വില്ലേജിൽ പട്ടയം ലഭിക്കാനുള്ളത്. നേരത്തേ വനം, റവന്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ സർവേയിൽ ഇവരുടെ ഭൂമി വനാതിർത്തി കാണിക്കുന്ന ജണ്ടക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു. 2019ൽ ഇതുസംബന്ധിച്ച് അന്നത്തെ ഡി.എഫ്.ഒ ഇടക്കാല റിപ്പോർട്ടും പുറത്തിറക്കിയിരുന്നു.
എന്നാൽ, തുടർന്ന് കേന്ദ്രം വനം മന്ത്രാലയം ഇത് അംഗീകരിക്കാൻ തയാറായില്ല. ഇതോടെ സർവേ നടപടികൾ നിർത്തിവെക്കുകയായിരുന്നു. പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം നൽകണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിരവധി തവണ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ബജറ്റ് സമ്മേളനത്തിൽ നിയമസഭയിൽ വീണ്ടും പെരുമ്പെട്ടി പട്ടയ വിഷയം ഉന്നയിച്ചപ്പോൾ പെരുമ്പെട്ടിയിലെ കൈവശ കക്ഷകർക്ക് പട്ടയം നൽകാൻ തടസ്സങ്ങളില്ലെന്നും ഡിജിറ്റൽ സർവേ ഉൾപ്പെടെയുള്ള തുടർ നടപടികൾ ഉടൻ ആരംഭിക്കാൻ നടപടികൾ എടുക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ സഭയിൽ ഉറപ്പുനൽകിയിരുന്നു.
തുടർന്ന് എം.എൽ.എ നൽകിയ നിവേദന പ്രകാരം സഭാ കാലയളവിൽതന്നെ മന്ത്രി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ഡിജിറ്റൽ സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫിസ് പ്രവർത്തനം ആരംഭിക്കുന്നത്. സർവേ നടപടികൾ പൂർത്തിയാകുന്ന മുറക്ക് പട്ടയം ലഭിക്കാനുള്ള നടപടികളും പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.