പെരുന്തേനരുവിയില്‍ പമ്പിങ് തടസ്സപ്പെട്ടു; രണ്ടു ദിവസമായിട്ടും പരിഹാരമില്ല
text_fieldsറാന്നി: വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിങ് തടസ്സപ്പെട്ടിട്ട് രണ്ടു ദിവസമായിട്ടും പരിഹാരം കാണാതെ അധികൃതര്‍. ജലക്ഷാമം രൂക്ഷമായിരിക്കുന്ന സമയത്ത് പമ്പിങ് മുടങ്ങിയത് ജനരോഷം വരുത്തിവെച്ചിട്ടുണ്ട്. മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന പാനല്‍ ബോര്‍ഡിലെ തകരാറാണ് പമ്പിങ് മുടങ്ങാന്‍ കാരണമെന്നാണ് സൂചന. ഇതോടെ വെച്ചൂച്ചിറ പഞ്ചായത്തിൽ പൂര്‍ണമായും നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തുകളില്‍ ഭാഗികമായും കുടിവെള്ളം വിതരണം നിലച്ചു. നേരത്തേ 20 മണിക്കൂര്‍ പമ്പിങ് നടത്തിയിരുന്ന പെരുന്തേനരുവിയില്‍ വേനല്‍ കടുത്തതോടെ മുഴുവന്‍ സമയ പമ്പിങ്ങാണ് നടക്കുന്നത്. ഇതിന് വേണ്ടുന്ന ക്രമീകരണം ഒരുക്കാതെയാണ് മുഴുവന്‍ സമയ പമ്പിങ് ആരംഭിച്ചതെന്നും ആരോപണമുണ്ട്.
കൂടുതല്‍ സമയം പമ്പിങ് നടത്തുന്നതിനുള്ള ശേഷി മോട്ടോറിനും പാനല്ബോര്ഡിലും വരുത്തേണ്ടതുണ്ട്. ഇതാണ് ഇപ്പോള്‍ തകര്‍ച്ചയുടെ പ്രധാന കാരണം. സ്റ്റാര്‍ട്ടര്‍ തകരാര്‍ ജലഅതോറിറ്റിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പമ്പാനദിയിലെ പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം നടത്തുന്ന പദ്ധതിയാണിത്. പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ, കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ എന്നിവിടങ്ങളിലാണ് പദ്ധതിക്കായി സംഭരണികൾ പണിതിട്ടുള്ളത്. റോഡ് പണിക്കിടെ പൈപ്പുകൾ പൊട്ടിയതുമൂലം പദ്ധതിയുടെ ഭാഗമായ കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ സംഭരണികളില്‍ രണ്ടു വർഷമായി ജല വിതരണം മുടങ്ങിയിരുന്നു. ഇവിടങ്ങളില്‍ ഇപ്പോള്‍ ഭാഗികമായി ജലവിതരണം നടക്കുന്നുണ്ട്.
പമ്പിങ് തടസ്സപ്പെടുന്നതു മൂലം നവോദയ, പോളി ടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. കുടിവെള്ളം മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ബദല്‍ സംവിധാനമൊരുക്കാന്‍ പഞ്ചായത്തോ,ജലഅതോറിറ്റിയോ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.