പെരുനാട് മുണ്ടൻമലയിലെ കുടിവെള്ളക്ഷാമം; പരിഹാര നടപടികൾ ആരംഭിച്ച് ജലവിഭവ വകുപ്പ്
text_fieldsറാന്നി: പെരുനാട് മുണ്ടൻമലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ജല അതോറിറ്റി അധികൃതരുടെയും യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് പ്രവൃത്തികൾ ആരംഭിച്ചത്.
ജല അതോറിറ്റി നിർമിക്കുന്ന പെരുനാട് - അത്തിക്കയം കുടിവെള്ള പദ്ധതിയുടെ പൈപ്പുമായി അടുത്ത ദിവസം തന്നെ ബന്ധിപ്പിച്ച് മുണ്ടൻമല ഭാഗത്ത് കുടിവെള്ളം എത്തിക്കുമെന്ന് അധികൃതർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.
റാന്നി പഞ്ചായത്തിലെ പാറയ്ക്കൽ കോളനി, എട്ടാം വാർഡ് എന്നിവിടങ്ങളിലെ കുടിവെള്ള പ്രശനം യോഗത്തിൽ ചർച്ച ചെയ്തു. ഇവിടങ്ങളിലേക്ക് ഇടാൻ ജി.ഐ പൈപ്പുകൾ എത്താത്തതാണ് പ്രവൃത്തികൾ ആരംഭിക്കാൻ വൈകുന്നത് എന്നായിരുന്നു ജല വിഭവ വകുപ്പ് അധികൃതരുടെ വാദം. അടൂർ പ്രൊജക്ട് ഡിവിഷനിൽ നിന്ന് ഇവിടങ്ങളിലേക്ക് ജി.ഐ പൈപ്പ് ഇറക്കി അടിയന്തരമായി പണി ആരംഭിക്കാൻ എം.എൽ.എ നിർദേശം നൽകി.
ഉയർന്ന പ്രദേശമായ പൂവൻമല - പുറംപാറതടം ഭാഗത്ത് കുടിവെള്ളം എത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനായി സ്ഥലം സന്ദർശിക്കുന്നതിന് ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ എം.എൽ.എ ചുമതലപ്പെടുത്തി. അങ്ങാടി കുടിവെള്ള പദ്ധതിയുടെ കിണറിന്റെ ഭാഗത്ത് ജലലഭ്യത ഉറപ്പാക്കുന്നതിനായി ചാല് കീറുന്നത് ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ കഴിഞ്ഞദിവസം ആരംഭിച്ചു.
പമ്പ് ഹൗസുകളിൽ പകരമുള്ള മോട്ടോറുകൾ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടി അറ്റകുറ്റപ്പണി ചെയ്യാനും തീരുമാനമായി. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ബംഗ്ലാം കടവ് കോലിഞ്ചി ഭാഗം, തലച്ചിറ മുക്കുഴി എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള അപാകത പരിഹരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.
വാൽവ് ഓപ്പറേറ്റർമാർ ജലവിതരണത്തിന് കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നു. വാൽവ് ഓപ്പറേറ്റർമാർ തങ്ങൾക്ക് താല്പര്യമുള്ള ഭാഗങ്ങളിലേക്ക് മാത്രം സ്ഥിരം വെള്ളം തുറന്നുവിടുന്നതായും പരാതിയുണ്ട്. ഇത് പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ പ്രദേശത്തെയും കുടിവെള്ള പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലത മോഹൻ, ബിന്ദു വളയനാട്ട്, ഉഷ ഗോപി, കെ.ആർ. പ്രകാശ്, സൂപ്രണ്ടിങ് എൻജിനീയർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.